
കടുത്തുരുത്തി : കല്ലുപുര-വാക്കേത്തറ റോഡിലെ കല്ലുപുരപ്പാലം-മുണ്ടാർ 110 പാലംവരെയുള്ള ഭാഗത്തും സമീപത്തെ 30 വീടുകളിലും വെള്ളക്കെട്ട്. പല കുടുംബങ്ങളും ഇവിടെനിന്ന് വാടക വീടുകളിലേക്ക് താമസം മാറിപ്പോയി. പാടശേഖരങ്ങളിൽ യഥാസമയം പമ്പിങ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
വളരെ കുറച്ച് കുടുംബങ്ങളാണിനിയിവിടെയുള്ളത്. കല്ലറ പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെട്ട മുണ്ടാറിന് നടുവിലൂടെ പോകുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലാണ് വെള്ളക്കെട്ട്. ആറ് കിലോമീറ്റർവരുന്ന റോഡിലെ ഒന്നര കിലോമീറ്റർ ഭാഗത്താണ് രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറി കിടക്കുന്നത്.
മഴ കുറഞ്ഞ് മറ്റെല്ലാ സ്ഥലത്തുനിന്നും വെള്ളം ഇറങ്ങിയിട്ടും ഇവിടത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല. 110 പാലംമുതൽ-നെറ്റിത്തറ റോഡിലും ഈ ഭാഗത്തുള്ള വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടശേഖരങ്ങളോട് ചേർന്നുള്ള റോഡിലും വീടുകളിലുമാണ് പ്രതിസന്ധി. നെറ്റിത്തറ അങ്കണവാടിയും പ്രവർത്തിക്കാതായിട്ട് ആഴ്ചകളായി. മൂന്ന് കുട്ടികളാണിവിടെയുള്ളത്. ജീവനക്കാർ വരുന്നുണ്ടെങ്കിലും വെള്ളക്കെട്ട് കാരണം കുട്ടികളാരും എത്താത്ത സ്ഥിതി. ചെറുവാഹനങ്ങൾക്കൊന്നും പടിഞ്ഞാറൻ മുണ്ടാറിലേക്ക് പോകാനാകില്ല. സ്കൂൾകുട്ടികളും കാൽനടയാത്രക്കാരും വെള്ളത്തിലൂടെ നീന്തിവേണം യാത്ര ചെയ്യാൻ.
കല്ലുപുര-വാക്കേത്തറ റോഡിൽ കല്ലുപുര പാലംമുതൽ മുണ്ടാർ 110 പാലംവരെ റോഡിന് ഇരുവശങ്ങളിലുമായി 13 പാടശേഖരങ്ങളാണുള്ളത്. ഈ പാടശേഖരങ്ങൾക്കെല്ലാംകൂടി ഒറ്റ പുറം ബണ്ടാണുള്ളത്. പാടശേഖരങ്ങളുടെ പുറംബണ്ടിലും അതിന് സമീപമുള്ള കര പ്രദേശത്തുമാണ് വീടുകളുള്ളത്. പാടശേഖരത്ത് വെള്ളം നിറയുന്നതോടെ മോട്ടോർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഇവിടത്തെ വീടുകളും റോഡുകളുമെല്ലാം വെള്ളത്തിലാകും. ഇതിൽ 510 ഏക്കർവരുന്ന എട്ട് പാടശേഖരത്താണ് കൃഷിയുള്ളത്. ബാക്കി അഞ്ചിലും വർഷങ്ങളായി കൃഷിയില്ല.
വിരിപ്പ്(വർഷ) കൃഷിക്കായി പാടശേഖരങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ പമ്പിങ് ലേലവും നടന്നു.
അഞ്ച് പാടശേഖരങ്ങളിൽ വർഷ കൃഷിക്കായി പാടം ഒരുക്കുന്നതിനായുള്ള ജോലിയും തുടങ്ങിയിരുന്നു. തുടർച്ചയായുണ്ടായ മഴ കാരണം പമ്പിങ് തുടങ്ങാൻ വൈകി. ഇതോടെ കൃഷിയിറക്കുന്നകാര്യം അനിശ്ചിതത്വത്തിലായി.
മഴ മാറിനിന്നിട്ടും പമ്പിങ് നടത്താൻ പാടശേഖരങ്ങളിലെ പമ്പിങ് കോൺട്രാക്ടർമാർ തയ്യാറാകാതെവന്നതോടെ ഇവിടത്തെ വെള്ളക്കെട്ട് പഴയപടി തന്നെ തുടരുകയാണ്. തങ്ങൾ വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും മടവീഴ്ചയുണ്ടായ ഭാഗങ്ങൾ അടയ്ക്കാത്തതുകാരണം വീണ്ടും വെള്ളം പാടശേഖരത്തേക്ക് തിരികെ കയറുന്ന സ്ഥിതി കാരണമാണ് പമ്പിങ് നിർത്തിയതെന്നാണ് കരാറുകാരുടെ വാദമെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ മേയ് മാസം അവസാനംമുതൽ പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് പുത്തൻപറമ്പിൽ പി.എസ്. രാജേഷ് പറഞ്ഞു.



