“ക്രിസ്തുവിന്റെ മണവാട്ടി എന്ന റൊമാന്റിക് ടാഗ്..! ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവളെ വിടുന്നതാണ്’: ഭര്‍തൃഗൃഹത്തിലെ ആത്മഹത്യകളും കന്യാസ്ത്രീ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ..? അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥ

Spread the love

കോഴിക്കോട്: മനസ്സ് തകര്‍ന്ന് മരണത്തെ വരിച്ചാലും കനാസ്ത്രീ മഠം വിട്ടുപോകരുതെന്ന അലിഖിത നിയമം ഉണ്ടായിട്ടും ആ വേലിക്കെട്ടുകളെ തകര്‍ക്കുകയാണ്, മരിയ റോസ.

ഇറ്റലി ആസ്ഥാനമാക്കിയ ഉര്‍സുലിന്‍ ഇമാകുലേറ്റ് സിസ്റ്റര്‍ കമ്യൂണിറ്റിയില്‍ വെറും 15ാം വയസ്സില്‍ ചേര്‍ക്കപ്പെട്ട് നീണ്ട രണ്ടുപതിറ്റാണ്ടിനുശേഷം മഠം വിട്ട മരിയ റോസയുടെ ആത്മകഥ ‘മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍’ സത്യസന്ധവും തന്റേടവുമുള്ള തുറന്നെഴുത്താണ്.
ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗിക നിമിഷങ്ങളും ജീവിത സംഘര്‍ഷങ്ങളുമെല്ലാം അതിഭാവുകത്വമില്ലാതെ ലളിതമായ ഭാഷയില്‍ കൃത്യതയോടെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കുമ്പസാരമല്ല ഇതെന്നും താന്‍ അനുഭവിച്ച ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും മരിയ റോസ വ്യക്തമാക്കുന്നു.

മരിയ റോസയുടെ ആത്മകഥ തനിക്കിഷ്ടപ്പെട്ടത് ഒരു മുന്‍ കന്യാസ്ത്രീയുടേത് എന്ന പ്രത്യേകത കൊണ്ടല്ലെന്നും, ഒന്നാന്തരമായി എഴുതപ്പെട്ട ജീവിതാഖ്യാനമായതുകൊണ്ടാണെന്നും പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ അവതാരികയില്‍ വ്യക്തമാക്കുന്നുണ്ട്. മഠം ഉപേക്ഷിച്ച തന്നെ അരക്കില്ലത്തിലിട്ട് പൊരിക്കുംപോലെയാണ് സമൂഹം നേരിട്ടതെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ മരിയ റോസ പുസ്തകത്തില്‍ വിവരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഠം വിടുകയാണ് എന്ന് വീട്ടിലേക്ക് നീല ഇന്‍ലന്റ് പോസ്റ്റ് ചെയ്തതിന് മറുപടി, തങ്ങള്‍ക്ക് ഇങ്ങനെയൊരു മകളില്ലെന്നായിരുന്നു. കാലങ്ങള്‍ക്ക് ശേഷവും അതിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും എങ്കിലും തന്നെപ്പോലുള്ള കരുത്തുറ്റ സ്ത്രീകള്‍ ആത്മാഭിമാനത്തോടെ ജീവിക്കുകയാണെന്നും മരിയ റോസ പറയുന്നു.

പുസ്തകത്തിന്റെ പ്രകാശനം നാളെ ച്ചയ്ക്ക് രണ്ടിന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ ബെന്നീസ് ദി ചോയ്‌സില്‍ നടക്കും. എം എന്‍ കാരശ്ശേരി ഡോ. ജിസാ ജോസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക. ഡോ. ജെ ജെ പള്ളത്ത്, സുല്‍ഫത്ത് ടീച്ചര്‍, ഡോ. രത്‌നാകരന്‍ കെ പി, എച്മുക്കുട്ടി, ആര്‍ ജെ ചച്ചു തുടങ്ങിയവര്‍ സംബന്ധിക്കും.