
ഈരാറ്റുപേട്ട: കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരന്‍
എന്നിവരുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ആണെന്ന വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോണ്ട്രാക്ടുകള് എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാള്‍ക്ക് ചില സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കള്‍ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മര്‍ദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കെട്ടിട നിര്‍മാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാര്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മര്‍ദനവും ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോണ്‍ഗ്രസിന്റെ രാമപുരം മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം.
ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലീസ് പറയുന്നത്. മരുന്നു കുത്തിവച്ചാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കെട്ടിപിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.







