Spread the love

വാഷിംഗ്ടണ്‍: കൂട്ട നാടുകടത്തലുകൾക്ക് ഇടയിൽ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം.

video
play-sharp-fill

ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കും മറ്റ് വിദേശ വിദ്യാർത്ഥികള്‍ക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകള്‍ ഒഴിവാക്കുകയോ, അല്ലെങ്കില്‍ സ്കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്‍റ് വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയില്‍ യുഎസ് വിസകള്‍ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. എന്തെങ്കിലും പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വിസ നിബന്ധനകള്‍ എപ്പോഴും പാലിക്കുകയും വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂർ അറിയിപ്പ് കൂടാതെ വിസകള്‍ റദ്ദാക്കിക്കൊണ്ട് വിദേശ വിദ്യാർത്ഥികള്‍ക്കെതിരായ നടപടികള്‍ യുഎസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെ ഓരോ കേസിലും കാരണങ്ങള്‍ വ്യത്യസ്തമാണ്. ഇത് പലപ്പോഴും വിദ്യാർത്ഥികളെ നിയമപരമായ പ്രതിസന്ധിയിലേക്കും വലിയ ആശയക്കുഴപ്പത്തിലേക്കും തള്ളിവിട്ട അവസ്ഥയാണ്.

 

പല കേസുകളിലും വിദ്യാർത്ഥികളുടെ രേഖകള്‍ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പരിപാലിക്കുന്ന, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ സെവിസ് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത് വിദ്യാർത്ഥികളോ സർവകലാശാലകളോ അറിയുന്നില്ല. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതിയെക്കുറിച്ചും ഇന്ത്യൻ വിദ്യാർത്ഥികളും മറ്റ് വിദേശ വിദ്യാർത്ഥികളും ആശങ്കയിലാണ്. ബിരുദം നേടിയ ശേഷം യുഎസില്‍ ജോലി ചെയ്യുന്ന വിദ്യാർത്ഥികള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഒ പി ടി പ്രോഗ്രാം അവസാനിപ്പിക്കുന്നതിനായി ‘ഫെയർനസ് ഫോർ ഹൈ-സ്കില്‍ഡ് അമേരിക്കൻസ് ആക്റ്റ് ഓഫ് 2025’ എന്ന ബില്‍ യുഎസ് നിയമനിർമ്മാതാക്കള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.