Saturday, May 17, 2025
HomeLocalKottayamകോട്ടയം ജില്ലയിൽ വേണ്ടത് 15 ലക്ഷം പാഠ പുസ്തകങ്ങൾ: എത്തിയത് 9 ലക്ഷത്തോളം: സ്കൂൾ തുറന്നാലുടൻ...

കോട്ടയം ജില്ലയിൽ വേണ്ടത് 15 ലക്ഷം പാഠ പുസ്തകങ്ങൾ: എത്തിയത് 9 ലക്ഷത്തോളം: സ്കൂൾ തുറന്നാലുടൻ വിതരണം: ശേഷിക്കുന്ന പുസ്തകങ്ങള്‍ വൈകാതെ എത്തിക്കുമെന്ന് അധികൃതര്‍ 

Spread the love

കോട്ടയം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണത്തിനെത്തി. പത്താം ക്ലാസ് മലയാളം മീഡിയം സോഷ്യല്‍ സയന്‍സും ഐടിയും ഒഴികെ എല്ലാ ടൈറ്റിലുകളും വിതരണത്തിന് തയാറാണ്.
പത്താംക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ ഏറെയും നേരത്തേ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ 238 ടൈറ്റില്‍ പാഠപുസ്തകങ്ങളും ഈ വര്‍ഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ 205 ടൈറ്റില്‍ പാഠപുസ്തകങ്ങളുമാണ് രണ്ടുവര്‍ഷം കൊണ്ട് പരിഷ്‌കരിച്ചത്. കൂടാതെ, ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണവും ആരംഭിച്ചിട്ടുണ്ട്.

പ്രൈമറി തലങ്ങളില്‍ കായിക വിദ്യാഭ്യാസത്തിനുവേണ്ടി ഹെല്‍ത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതല്‍ പത്താം ക്ലാസ് വരെ കുട്ടികള്‍ക്കു യോഗ പരിശീലനത്തിന് പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം മേഖലകളില്‍ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്.

തൊഴില്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കൃഷി, പാര്‍പ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ് വസ്തു പരിപാലനം, പ്രിന്‍റിംഗ് ആന്‍ഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 8,97,912 പുസ്തകങ്ങളാണ് സ്‌കൂളുകളില്‍ എത്തിച്ചിരിക്കുന്നത്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വിഎച്ച്‌എസ്‌എസിലെ ഡിപ്പോയില്‍നിന്നാണ് 251 സ്‌കൂള്‍ സൊസൈറ്റികളിലേക്കും വിവിധ സ്‌കൂളുകളിലേക്കുമുള്ള വിതരണം. കുടുംബശ്രീക്കാണ് വിതരണച്ചുമതല. ജില്ലയില്‍ എല്ലാ വിഷയങ്ങളിലുമായി പതിനഞ്ചു ലക്ഷം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ശേഷിക്കുന്ന പുസ്തകങ്ങള്‍ വൈകാതെ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ബാധ്യതയായി
പഴയ പുസ്തകങ്ങള്‍

സ്‌കൂള്‍ സ്റ്റോറുകളില്‍ കെട്ടിക്കിടക്കുന്ന പഴയ പുസ്‌കങ്ങള്‍ പ്രധാന അധ്യാപകര്‍ക്ക് ബാധ്യതയായി. മുന്‍കൂര്‍ ബുക്കു ചെയ്ത പുസ്തകങ്ങള്‍ തിരികെയെടുക്കില്ലെന്നും വില സ്‌കൂളില്‍നിന്ന് അടയ്ക്കണമെന്നുമാണ് നിര്‍ദേശം. 2013 മുതലുള്ള പഴയ പുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്ന സ്‌കൂളുകള്‍ പലതാണ്.

അഞ്ചു ലക്ഷം രൂപ വരെ ഇത്തരത്തില്‍ അടയ്‌ക്കേണ്ട അധ്യാപകരുണ്ട്. മുന്പുണ്ടായിരുന്ന അധ്യാപകരും നിലവില്‍ വിരമിച്ചവരും ഉണ്ടാക്കിയ ബാധ്യതയും ഇപ്പോള്‍ ചുമതല വഹിക്കുന്ന പ്രധാന അധ്യാപകര്‍ വഹിക്കണം. ഇക്കൊല്ലം വിരമിക്കുന്നവരുടെ പെന്‍ഷന്‍, പിഎഫ് എന്നിവ തടസപ്പെടാന്‍ ഇതിടയാക്കും. അതിനാല്‍ ഭാരിച്ച മുന്‍കാല ബാധ്യതകളും അടച്ചുതീര്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.

കോവിഡ് കാലത്തും മറ്റും പഠനം മുടങ്ങിയതിനാല്‍ പുസ്തകവിതരണം നടക്കാതെ വന്ന സ്‌കൂളുകള്‍ക്കാണ് വലിയ ഭാരമുണ്ടായിരിക്കുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments