തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍ എം പി.
താന്‍ വിരല്‍ ഞൊടിച്ചാല്‍ പ്രതികരിക്കുന്ന ആയിരക്കണക്കിന് അണികള്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തി വെച്ചിട്ടുണ്ട് എന്നും എല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ല എന്നും അദ്ദേഹം തുറന്നടിച്ചു. കെ പി സി സി പ്രസിഡന്റിനെ മാറ്റുമ്ബോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ് എന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ‘ എന്റെ സ്ഥാനചലനം സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ല. മാറ്റിയ രീതിയോട് വിയോജിപ്പുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങള്‍ എന്നോട് പറഞ്ഞിട്ടില്ല,’ സുധാകരന്‍ പറഞ്ഞു.
തനിക്കൊപ്പമുള്ള പ്രവര്‍ത്തകര്‍ ജീവന്‍ പോലും തരാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നും അവരെ ഒപ്പം കൂട്ടാന്‍ തനിക്ക് യാതൊരു പ്രയാസവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃസ്ഥാനത്തേക്ക് പരിചയസമ്ബന്നരെയാണ് പരിഗണിക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഇന്‍സള്‍ട്ടുണ്ടാകും. ഞാന്‍ പരിചയസമ്ബന്നനായ നേതാവാണ്. എന്നാല്‍ നേതൃത്വത്തില്‍ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം എനിക്കുണ്ട്,’ അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തുനിന്ന് മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇക്കാര്യം ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നു എന്നത് നേരത്തെ അറിയിക്കാതിരുന്നത് മാനസിക പ്രയാസമുണ്ടാക്കി. രാഹുലും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായിരുന്നില്ല എന്നും നേതൃമാറ്റ തീരുമാനത്തിന് പിന്നില്‍ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയുണ്ട് എന്നും അദ്ദേഹം തുറന്നടിച്ചു.
ദീപ ദാസ് മുന്‍ഷിയാണ് തന്നെ മാറ്റണം എന്ന് നിര്‍ബന്ധം പിടിച്ചത് എന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി എന്നും സുധാകരന്‍ ആരോപിച്ചു. ദീപാ ദാസ് മുന്‍ഷി ആരുടെയോ കയ്യിലെ കളിപ്പാവയാണ്. പുതിയ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് തന്റെ നോമിനി അല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സണ്ണിയെ കോണ്‍ഗ്രസില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് ഞാനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല എന്നും എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്റാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ കഴിവുള്ളവരാണ് എന്നും അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെപ്പോലെ സി പി എമ്മുമായി ഫൈറ്റ് ചെയ്ത മറ്റൊരു കെ പി സി സി അധ്യക്ഷനുമില്ല എന്നും സുധാകരന്‍ പറഞ്ഞു.
ആ അംഗീകാരം എങ്കിലും എനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ തെറ്റിപ്പോയി. പിണറായി വിജയനോട് നേരിട്ട് ഫൈറ്റ് ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വേറെ ഏത് നേതാവാണ് ഉള്ളത് എന്നും സുധാകരന്‍ ചോദിച്ചു. തനിക്ക് സ്ഥാനം വേണ്ട, പ്രവര്‍ത്തകര്‍ മതി എന്നും പാര്‍ട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും തനിക്ക് വേണ്ട എന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം തന്നെ മാറ്റുന്നതില്‍ വി ഡി സതീശന് പങ്കുണ്ടെന്ന കാര്യം താന്‍ വിശ്വസിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും അദ്ദേഹം വിമര്‍ശിച്ചു. വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ല. അതിന് അദ്ദേഹത്തിന് താത്പര്യമില്ല. കഴിഞ്ഞ എ ഐ സി സി യോഗത്തില്‍ മറ്റ് പരിപാടികളുണ്ടായിരുന്നതിനാലാണ് പോകാന്‍ സാധിക്കാതിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.