മലപ്പുറം : കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് കൂടെയുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളി സമദ്.
ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തിലേക്ക് ചാടിവീണ് ഗഫൂറിനെ വലിച്ചു കൊണ്ടു പോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഗഫൂറിന് നിലവിളിക്കാൻപോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു.
താൻ പേടിച്ച് ഒച്ചവെച്ചു. അടുത്തൊന്നും വീടില്ലാത്തതിനാല്‍ ആരും എത്തിയില്ല. പിന്നീട് ഫോണ്‍ വിളിച്ച് ആളെക്കൂട്ടി. ചോരപ്പാട് പിന്തുടർന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്ബ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ വെള്ളിയാഴ്ചതന്നെ നല്‍കുമെന്ന് ഡിഎഫ്‌ഒ ധനേഷ് വ്യകത്മാക്കി. ബാക്കി തുകയായ അഞ്ചുലക്ഷം രൂപ നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷവും നല്‍കും. ഗഫൂറിന്റെ ഭാര്യക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കാനും തീരുമാനിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലിനല്‍കാൻ ശുപാർശ ചെയ്യുമെന്നും ഡിഎഫ്‌ഒ പറഞ്ഞു.
പാവപ്പെട്ട കുടുംബമാണ് ഗഫൂറിന്റേത്. ഭാര്യയും മൂന്ന് മക്കളും അസുഖബാധിതയായ അമ്മയുമാണ് വീട്ടിലുള്ളത്. ഈ സാഹചര്യം പരിഗണിച്ചാണ് ഭാര്യയ്ക്ക് ഇപ്പോള്‍ത്തന്നെ വനംവകുപ്പില്‍ താത്കാലികമായി ജോലിനല്‍കാൻ തീരുമാനിച്ചത്. വയനാട്, പാലക്കാട് ജില്ലകളില്‍നിന്ന് വിദഗ്ധ സംഘം എത്തിയിട്ടുണ്ട്. അരുണ്‍ സ്ഖറിയയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണെത്തിയത്. രണ്ട് കുങ്കിയാനകളെയും എത്തിച്ചിട്ടുണ്ട്.