തിയേറ്റർ ഉടമയുടെ അറസ്റ്റ് കടുത്ത നിയമലംഘനമെന്ന് നിയമവിദഗ്ധർ.
സ്വന്തം ലേഖകൻ
കൊച്ചി: എടപ്പാൾ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരിൽ എത്തിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ ലംഘനമാണെന്ന് നിയമവിദഗ്ധർ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ – പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ അറസ്റ്റിലൂടെ പോലീസ് തിയേറ്റർ ഉടമയ്ക്കു നിഷേധിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചു വിവരം ലഭിച്ചാൽ പോക്‌സോ നിയമപ്രകാരം വിവരം കൈമാറേണ്ടതു സ്‌പെഷ്യൽ ജുവനൈൽ പോലീസിനും ലോക്കൽ പോലീസിനുമാണെന്ന വാദം ഉയർത്തിയാണു തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്. എടപ്പാളിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്. എന്നാൽ ഇവരുടെ ഫോൺ നമ്പർ ജില്ലാ പോലീസ് അധികാരികൾ സാധാരണ ജനങ്ങൾക്കുവേണ്ടി പരസ്യപ്പെടുത്തിയിട്ടില്ല.
അതേസമയം, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ശിശുസംരക്ഷണ ഏജൻസിയാണ് ചൈൽഡ് ലൈൻ ഫൗണ്ടേഷൻ. ഇവരുടെ 24 മണിക്കൂർ ടോൾഫ്രീ ടെലിഫോൺ നമ്പറായ ‘1098’ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചിട്ടുള്ളത് സംസ്ഥാന പോലീസ് തന്നെയാണ്. ഇതിൽ വിളിച്ചു ചൈൽഡ് ലൈനിൽ വിവരം ധരിപ്പിക്കുകയും തിയേറ്ററിനുള്ളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അവർക്കു കൈമാറുകയും ചെയ്തതോടെ വിവരം നിയമപരമായി റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത തിയേറ്റർ ഉടമ പൂർത്തിയാക്കുകയായിരുന്നു. എന്നാൽ ചൈൽഡ് ലൈൻ വിവരം അറിയിച്ചിട്ടും കേസ് റജിസ്റ്റർ ചെയ്യാൻ തയാറാത്ത മലപ്പുറം പോലീസ് പോക്‌സോ നിയമം ചാപ്റ്റർ അഞ്ച്- 19(2) പ്രകാരം കുറ്റം ചെയ്തതായും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവരസാങ്കേതികവിദ്യ (ഐടി ആക്ട് 67 (എ), 67 (ബി) (എ) വകുപ്പുകൾ) നിയമപ്രകാരം അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന വകുപ്പാണിത്. എടപ്പാൾ ശിശുപീഡന കേസിൽ പോലീസ് നിയമവിരുദ്ധമായി ഒതുക്കിവയ്ക്കാൻ ശ്രമിച്ച വിവരങ്ങൾ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ വഴിയൊരുക്കിയ തിയേറ്റർ ഉടമയോടുള്ള പ്രതികാരമാണ് മലപ്പുറം പോലീസിന്റെ നടപടിയെന്നും വിമർശനമുണ്ട്.