play-sharp-fill
കെവിന്റെ മരണം: പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും.

കെവിന്റെ മരണം: പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും.

സ്വന്തം ലേഖകൻ

കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സർക്കാർ. ആരോപണവിധേയരായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവരോട് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നോട്ടീസ് നൽകും. പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. പൊലീസുകാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് പ്രശ്‌നമില്ലെന്ന് നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്.
പൊലീസ് ആക്ടിലെ 86-സി ചട്ടപ്രകാരം, സ്ത്രീകളോട് ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികളാവും ഇവർക്കെതിരെ സ്വീകരിക്കുക. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയിൽ നിന്ന് ഇരുവരും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഷാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടിയ ശേഷം പണം വാങ്ങി വിട്ടയച്ചത് എ.എസ്.ഐ ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനങ്ങളുടെ നമ്പരും സംഘത്തിലുണ്ടായിരുന്നവരുടെ പേരും ഫോൺനമ്പരും സഹിതം ഭാര്യ നീനു പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കാതിരിക്കുകയും, പ്രതികളുമായി ഒത്തുകളിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബു 14 മണിക്കൂർ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഈ വിവരം മറച്ചുവെച്ചു. മുഖ്യമന്ത്രിയുടെയും ഐ.ജിയുടെയും നിർദ്ദേശങ്ങൾ പൊലീസ് അവഗണിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിനെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കുടുംബപ്രശ്നമായാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി കൈക്കൊള്ളാവുന്ന എല്ലാ നടപടികളും പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എസ്.ഐ ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. അതേസമയം, പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന കേസിൽ റിമാൻഡിലായ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്ക് ജാമ്യം നൽകിയതിനെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. പൊലീസുകാർക്ക് ജാമ്യം അനുവദിച്ചത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. പാസ് പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം.