
കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ ഫാരിസ് (25), കുമാരനെല്ലൂർ പള്ളികിഴക്കേതിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്.
പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തോപ്പിൽ പടി ജംഗ്ഷന് സമീപത്ത് വെച്ച് ഇരുവരെയും പിടികൂടുന്നത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഓ ടി. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ്, ആഷിൽ രവി, എ.എസ്. ഐ പത്മകുമാർ, സി.പി.ഓ മാരായ ദിലീപ് വർമ്മ,രഞ്ജിത്ത്, അനൂപ്, വിഷ്ണുപ്രിയൻ, മനീഷ്, സജിത്ത്, കിരൺകുമാർ, ശ്രീനിഷ് തങ്കപ്പൻ പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



