
ഉപ്പ് മുതല്‍ കർപ്പൂരം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ സേവനങ്ങൾക്ക് എല്ലാം നടുവൊടിക്കുന്ന നികുതി നല്‍കേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍ എത്ര രൂപയോളമാണ് നികുതി നല്‍കേണ്ടി വരികയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു കാർ വാങ്ങിയപ്പോള്‍ 48 ശതമാനം തനിക്ക് നികുതിയായി നല്‍കേണ്ടി വന്നെന്നാണ് എക്‌സില്‍ പോസ്റ്റ് ഇട്ട വെങ്കടേഷ് അല്ല എന്ന യുവാവ് പറയുന്നത്.
‘കാര്‍ വാങ്ങിയപ്പോള്‍ നല്‍കിയത് 48% നികുതി. അതും 31.2% വരുമാന നികുതി നല്‍കിയ ശേഷം. ഇന്ത്യയുടെ ധനകാര്യമന്ത്രി, ഇതെന്താണ്? പകല്‍ക്കൊള്ളക്ക് ഒരു അറുതിയില്ലേ? നിങ്ങള്‍ക്ക് കാര്യക്ഷമത ഇല്ലായ്മയും മത്സരക്ഷമതയില്ലാത്തതുമൊക്കെ ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. ഇത് നാണക്കേടാണ്’ എന്നാണ് വെങ്കടേഷ് അല്ല എക്‌സില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. പോസ്റ്റില്‍, കേന്ദ്ര ധനമന്ത്രിയെയും ടാഗ് ചെയ്യാൻ വെങ്കടേഷ് മറന്നില്ല.
പോസ്റ്റിനൊപ്പം 14 ശതമാനം എസ്ജിഎസ്ടിയും 14 ശതമാനം സിജിഎസ്ടിയും 20 ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വന്നതിന്റെ രേഖയും അദ്ദേഹം പങ്കുവെച്ചു. മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ആണ് വെങ്കടേഷ് വാങ്ങിയ കാര്‍. 14.58 ലക്ഷം രൂപയാണ് കാറിന്റെ വില വരുന്നത്. എന്നാല്‍ നികുതിയായി 48 ശതമാനം തുക കൂടി വരുന്നതോടെ കാറിന്റെ വില 21.59 ലക്ഷം രൂപയായി ഉയർന്നതായി രേഖയില്‍ കാണാം. നിരവധി പേരാണ് നികുതിയുടെ പേരിലുള്ള ഈ പകല്‍ക്കൊള്ള നിർത്തണം എന്നാവശ്യപ്പെട്ട് ഈ പോസ്റ്റിനു കീഴില്‍ കമന്റ് ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


