Spread the love

കോട്ടയം : എറണാകുളത്തു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം നടന്‍ മമ്മൂട്ടിക്ക് എതിരെ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം ബാലിശവും പ്രതിഷേധാര്‍ഹവുമാണെന്ന് സിന്ധു ജോയ്. സാധാരണഗതിയില്‍ പോളിംഗ് തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥി വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് മറ്റു പോളിംഗ് സ്റ്റേഷന്‍കളിലേക്കു പോകും. മണ്ഡലത്തില്‍ പ്രമുഖര്‍ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകും. രണ്ടായിരത്തി ഒമ്പതില്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാര്‍ത്ഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്? അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ത്ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കള്‍ കൂടുതല്‍ ചെറുതാവുകയാണെന്നും സിന്ധു ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

video
play-sharp-fill

 

നടന്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായ ഹൈബി ഈഡനും പി.രാജീവും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്താനം നിലപാട് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടതു വലത് മുന്നണികളുടെ സ്ഥാനാര്‍ഥികളെ കൂടെ നിര്‍ത്തി ഇവര്‍ മികച്ചവരാണെന്ന് പറയുന്നത് ശരിയാണോ. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയാണെന്നും കണ്ണന്താനം നേരത്തെ പറഞ്ഞിരുന്നു.