സ്വന്തം ലേഖകൻ
സ്തനാർബുദ ചികിത്സ യിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിലവിലെ ചികിത്സയേക്കുറിച്ച് പങ്കുവെച്ചത്. അഞ്ചാമത് കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മുപ്പത്തിയാറുകാരിയായ താരം പറഞ്ഞു.
ചിലപ്പോഴൊക്കെ തന്നെ എല്ലായിടത്തുനിന്നും കാണാതാവുമ്പോള്‍ പലരും ആശങ്കപ്പെടുന്നുണ്ടാവും. എന്നാല്‍ തനിക്ക് കുഴപ്പമില്ല. നിലവില്‍ അഞ്ചാമത്തെ കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മൂന്നെണ്ണംകൂടി കഴിയാനുണ്ടെന്നും താരം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്. ചില ദിവസങ്ങൾ നല്ലതാണ്. ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്. ഈ ദിവസങ്ങളും കടന്നുപോകും, കടന്നുപോവണം. ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ പോരാടിക്കൊണ്ടിരിക്കുകയാണ്- ഹിന പറഞ്ഞു.
നിരവധിപേരാണ് ഹിനയുടെ പോരാട്ടത്തിന് ആശംസകളുമായി കമന്റ് ചെയ്തിരിക്കുന്നത്. കാൻസർ സ്ഥിരീകരണ വാർത്തയ്ക്കുപിന്നാലെ നിരന്തരം തന്റെ ജീവിതത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുന്ന താരമാണ് നടി ഹിന ഖാൻ. സ്തനാർബുദം സ്ഥിരീകരിച്ചതും കീമോതെറാപ്പി കഴിഞ്ഞ് ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചതുമൊക്കെ ഹിന കുറിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് മുന്നോടിയായി തന്റെ തലമുടി മുറിക്കുന്ന ഹൃദയഭേദകമായ വീഡിയോയും ഹിന പങ്കുവെച്ചിരുന്നു. താനേ കൊഴിയുംമുമ്പേ അവ വെട്ടുകയാണെന്നാണ് അന്ന് ഹിന പറഞ്ഞത്.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽനിന്നു വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.