മലയാളിയായ കെ. കൈലാഷ്നാഥൻ പുതുച്ചേരി ലഫ്. ഗവർണർ; ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി
സ്വന്തം ലേഖകൻ
ഡൽഹി:പത്തിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവ്. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവ് ഇറക്കി.ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഹരിഭാഹു കിസൻറാവു ബാഗ്ഡെയാണ് രാജസ്ഥാൻ ഗവർണർ. ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്വാറിനെ ഝാർഖണ്ഡിലും രമൺ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു.മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവർണറാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പുർ ഗവർണറുടെ അധികചുമതലയും നൽകിയിട്ടുണ്ട്.കെ. കൈലാഷ്നാഥനാണ് പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ.
വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.