ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തത്തോടെ സർക്കാരും കോർപറേഷനും പാഠം പഠിച്ചു; നടപടികള്‍ കര്‍ശനമാക്കി, മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു നൽകാത്തവർക്ക് പിഴ നോട്ടീസ്, അനധികൃതമായി മാലിന്യം ശേഖരിക്കുന്ന 48 വാഹനങ്ങള്‍ പിടിച്ചെടുത്തു, റെയില്‍വേ ഉന്നയിച്ച അവകാശവാദങ്ങള്‍ ഉറപ്പിക്കാന്‍ റെയില്‍വേയുടെ സ്ഥാപനങ്ങളില്‍ പരിശോധന, പ്ലാറ്റ്ഫോമും ട്രെയിനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്കു തുറന്നുവിടാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറാന്‍ തയാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടിസ് നല്‍കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കു 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.
312 നിയമലംഘനങ്ങളാണു കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം പിഴ ഈടാക്കി. പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 82 ശതമാനം മാത്രമാണു പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകൂ. ഹരിതകര്‍മ സേനയുമായി സഹകരിക്കാത്തവര്‍ക്കു തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനധികൃതമായി മാലിന്യം ശേഖരിക്കുന്ന 48 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ വണ്ടികളുടെ റജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യുന്ന കാര്യം മോട്ടര്‍ വാഹനവകുപ്പുമായി ചർച്ച ചെയ്തു. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ കൂടുതലായി വിതരണം ചെയ്യാനും നഗരസഭ ആലോചിക്കുന്നുണ്ട്.
ഖര, ദ്രവ മാലിന്യസംസ്കരണ പദ്ധതികള്‍ സംബന്ധിച്ച് റെയില്‍വേ ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയാണോ എന്നുറപ്പിക്കാന്‍ റെയില്‍വേയുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. മാലിന്യസംസ്കരണ സംവിധാനം ഇല്ലെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
റെയില്‍വേയുടെ വളപ്പില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുക എന്നത് നിയമപരമായി അവരുടെ ഉത്തരവാദിത്തമാണ്. പ്ലാറ്റ്ഫോമും ട്രെയിനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്കു തുറന്നുവിടാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.