ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ ഭാര്യമാരും ബന്ധുക്കളും; അംഗൻവാടി വര്‍ക്കര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ വിവാദം; അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് പരാതി
കണ്ണൂർ: ഇരിട്ടിയില്‍ അംഗൻവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റിനെ ചൊല്ലി വിവാദം.
ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉള്‍പ്പെടെയുളളവർ മാത്രം വന്നതോടെയാണ് കണ്ണൂർ ഇരിട്ടി നഗരസഭയില്‍ വിവാദമുയരുന്നത്.
അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
എന്നാല്‍ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ. ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതില്‍ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം റാങ്ക് നഗരസഭയിലെ ഇപ്പോഴത്തെ സിഡിഎസ് ചെയർപേഴ്സണ്‍, രണ്ടാം റാങ്ക് നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ ഭാര്യ, മൂന്നാമത് സിപിഎം കൗണ്‍സിലറുടെ സഹോദരന്റെ ഭാര്യ, നാലാം റാങ്ക് നേരത്തെ കൗണ്‍സിലറായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ്, അഞ്ചാം റാങ്കിലും സിപിഎം കൗണ്‍സിലറുടെ ഭാര്യ, നഗരസഭയിലെ താത്കാലിക ഡ്രൈവറായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് ആറാം റാങ്ക്, പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാള്‍ ഏഴാമത്, എട്ടാം റാങ്കില്‍ സിപിഎം കൗണ്‍സിലർ, ആദ്യ പതിനഞ്ചില്‍ നഗരസഭാ വൈസ് ചെയർമാന്റെ മകളുള്‍പ്പെടെയുണ്ട്.
മൂന്ന് വർഷം കാലാവധിയുളളതാണ് പട്ടിക. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഇഷ്ടക്കാർക്ക് നിയമനം നല്കാൻ വഴിവിട്ട നീക്കം നടത്തിയെന്ന് പ്രതിപക്ഷ ആരോപണം. ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരെയും വിധവകളെയുമുള്‍പ്പെടെ തഴഞ്ഞാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിയമനം അട്ടിമറിച്ചതെന്നാണ് പരാതി.