കോട്ടയത്തെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല..! അഞ്ച് ദിവസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികൾ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ ഫോട്ടോ മുക്കിയ പൊലീസുകാർ പാവപ്പെട്ടവന്റെ ഫോട്ടോ വൈറലാക്കി

കോട്ടയത്തെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല..! അഞ്ച് ദിവസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികൾ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ ഫോട്ടോ മുക്കിയ പൊലീസുകാർ പാവപ്പെട്ടവന്റെ ഫോട്ടോ വൈറലാക്കി

സ്വന്തം ലേഖകൻ
 
കോട്ടയം: കോട്ടയം ജില്ലയിലെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല. അഞ്ചു ദിവസത്തിനിടെ ജില്ലയിൽ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികളാണ്. പീഡനക്കേസിലെ പ്രതികൾക്ക് സ്വാധീനം അനുസരിച്ച് പൊലീസിന്റെ തലോടൽ ലഭിക്കുമെന്നതും ജില്ലയിൽ ഇതോടെ വ്യക്തമായി. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട എസ്.ഐയുടെ വാർത്തയും, ചിത്രവും മുക്കിയ പൊലീസുകാർ, പാവപ്പെട്ടവൻ പ്രതിയായപ്പോൾ ചിത്രവും കഥയും സഹിതം എല്ലാ മാധ്യമങ്ങളിലേയ്ക്കും ഇമെയിൽ അയച്ചു നൽകി. പ്രതി ചേർക്കപ്പെട്ട എഎസ്‌ഐയ്ക്ക് ആശുപത്രിയിൽ സുഖവാസം ഒരുക്കിയ പൊലീസുകാർ തന്നെ പാവപ്പെട്ട പ്രതിയെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ചയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  കരിനിലം കപ്പിലാംമൂട് വീട്ടിൽ രാധാകൃഷ്ണനെ (59) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അയൽവീട്ടിൽ ടിവി കണ്ട ശേഷം വീട്ടിലേയ്ക്ക് നടന്ന് പോകുകയായിരുന്നു കുട്ടി. ഈ സമയം എതിർവശത്തു നിന്നും എത്തിയ രാധാകൃഷ്ണൻ കുട്ടിയെ തടഞ്ഞു നിർത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതിരോധിക്കാൻ ശ്രമിക്കുകയും, രക്ഷപെടാൻ ബഹളം വയ്ക്കുകയും ചെയ്ത കുട്ടിയുടെ തല ടോർച്ച് ഉപയോഗിച്ച് രാധാകൃഷ്ണൻ അടിച്ചു പൊട്ടിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. ഇതേ തുടർന്ന് സംഭവം വിവാദമായതോടെ രാധാകൃഷ്ണൻ ഒളിവിൽ പോയി. ഉപ്പുതറ മുല്ലക്കുഴി ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബെന്നി, സിവിൽ പൊലീസ് ഓഫിസർമാരായ ജയകുമാർ, ജോബി കെ.ജോസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടയം എ.ആർ ക്യാമ്പിലെ എസ്‌ഐ ഷാജുദീനെതിരെ പ്രകൃതി വിരുദ്ധ പീഡന ആരോപണം ഉയരുന്നത്. നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട കുട്ടിയെ ക്വാർട്ടേഴ്‌സിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ, കേസും പരാതിയും പരമാവധി ഒതുക്കാനാണ് പൊലീസുകാർ ആദ്യം മുതൽ തന്നെ ശ്രമിച്ചത്. സംഭവം പരമാവധി മുക്കിവയ്ക്കാൻ ശ്രമിച്ച പൊലീസുകാർ എസ്‌ഐയുടെ ചിത്രം പോലും പുറത്ത് വിട്ടില്ല. തിങ്കളാഴ്ച രാധാകൃഷ്ണന്റെ ചിത്രവും വാർത്തയും ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പിലൂടെയാണ് പുറത്ത് വന്നത്. എന്നാൽ, സമാന രീതിയിൽ കുറ്റകൃത്യം ചെയ്ത എസ്.ഐയുടെ ചിത്രവും വാർത്തയും പുറത്ത് വന്നതേയില്ല.
രാധാകൃഷ്ണന് ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നപ്പോൾ, എസ്.ഐ ഷാജുദീന് ആശുപത്രിയിൽ സുഖവാസമായിരുന്നു. സാധാരണക്കാരനും സ്വാധീനമുള്ളവനും തമ്മിലുള്ള വ്യത്യാസമാണ് അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ നടന്ന സംഭവങ്ങളിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
 
എസ് ഐ  പ്രതിയായ വാർത്ത ഇവിടെ വായിക്കാം