Spread the love

കോട്ടയം : ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടികൂടി.

video
play-sharp-fill

കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ഇവർ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുണ്‍ ദാസ്, പെരുന്ന സ്വദേശി ബിലാല്‍ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്സല്‍ സിയാദ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആർക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ എതിരേ വന്ന അരുണ്‍ ദാസ് കടന്ന് പിടിച്ചു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ബിലാല്‍ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. എന്നാല്‍ നാട്ടുകാർക്ക് നേരെ അഫ്സല്‍ സിയാദും പെപ്പർ സ്പ്രേ പ്രയോഗിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചങ്ങനാശേരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളില്‍ വേറെയും കേസുകളില്‍ പ്രതികളാണ് മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെണ്‍കുട്ടിയും കുടുംബവും തിരിച്ചറിഞ്ഞിട്ടുണ്ട്.