
തിരുവനന്തപുരം: മാസപ്പടി വിവാദ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹർജി തള്ളി, അന്വേഷണമില്ല. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ പിണറായി വിജയന്, മകള്‍ വീണാ വിജയന് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്നാടന് കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.
മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്കാന് മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്നാടന് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകന് രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group








