ഫോണ്‍വഴി തട്ടിപ്പ്: വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി അടച്ചത് പത്ത് രൂപ; എരുമേലി മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീട് നിർമിക്കാൻ കരുതി വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ

Spread the love

എരുമേലി: ഫോണില്‍ ലഭിച്ച നിർദേശപ്രകാരം വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി പത്തു രൂപ അടച്ച മുക്കൂട്ടുതറ കുരുനൻമൂഴി സ്വദേശികളായ ദമ്പതികള്‍ക്ക് നഷ്‌ടമായത് വീട് നിർമിക്കാൻ കരുതി വച്ചിരുന്ന അഞ്ചു ലക്ഷം രൂപ.

എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക നഷ്‌ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം. എരുമേലി അക്ഷയ സെന്‍റർ മുഖേനെ പോലീസ് സൈബർ സെല്ലില്‍ ഓണ്‍ലൈനായി പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

തുക നഷ്‌ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കരൂർ വൈശ്യ ബാങ്കിന്‍റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണിലേക്ക് വന്ന ഒരു കോള്‍ അറ്റൻഡ് ചെയ്തതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. താങ്കളുടെ വ്യക്തിഗത വിവരമായ ഇകെവൈസി ഉടൻ‌ അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി ജിയോ ആപ്പ് അയച്ചിട്ടുണ്ടെന്നും ഈ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്ത് പത്ത് രൂപ ഇതിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നുമായിരുന്നു നിർദേശം.

ഇതനുസരിച്ച്‌ ആപ്ലിക്കേഷൻ മുഖേനെ പത്ത് രൂപ അടച്ചു. പിറ്റേന്ന് രാവിലെ മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം പിൻവലിക്കപ്പെട്ടതായി അറിഞ്ഞത്.

ആദ്യം 4.60 ലക്ഷം രൂപയും തുടർന്ന് മൂന്ന് തവണയായി മൊത്തം അഞ്ച് ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായി മെസേജ് ലഭിക്കുകയായിരുന്നു. ബാങ്കില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചപ്പോള്‍ പണം പിൻവലിക്കപ്പെട്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് നടന്നെന്ന് വ്യക്തമായത്. തുടർന്ന് പരാതി നല്‍കുകയായിരുന്നു.
വീട് പണിയാൻ വച്ചിരുന്ന തുക അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ദമ്പതികള്‍.