കഞ്ചാവിനും മദ്യത്തിനും അടിമയായി നാട്ടുകാർക്കും വീട്ടുകാർക്കും നിരന്തരം ബുദ്ധിമുട്ട്; ലഹരിക്കടിമയായ മീനടം സ്വദേശിയായ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ചാവിനും മദ്യത്തിനും അടിമയായി നാട്ടുകാർക്കും വീട്ടുകാർക്കും നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന യുവാവിനെതിരെ 2017 –ലെ മെന്റൽ ഹെൽത്ത് കെയർ നിയമത്തിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകളനുസരിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പാമ്പാടി എസ്.എച്ച്.ഒയോടാണ് വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ഭീതിരഹിതമായി ജീവിക്കാനുള്ള പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത പോലിസിനുണ്ടെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മീനടം സ്വദേശിയായ യുവാവിനെതിരെ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിമുറിയിൽ ഒളിഞ്ഞുനോക്കുകയും മനുഷ്യർക്കും വാഹനങ്ങൾക്കും നേരെ പ്രകോപനമില്ലാതെ കല്ലെറിയുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് ജാംജി മാത്യുവിന്റെ നേതൃത്വത്തിൽ മീനടം ഇരവികുളങ്ങര സ്വദേശികളായ 34 പേർ സമർപ്പിച്ച പരാതിയിൽ പറയുന്നു.

പാമ്പാടി എസ്.എച്ച്.ഒ യിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. എതിർകക്ഷി മൂന്ന് മാസമായി ജോലിക്ക് പോകുന്നുണ്ടെന്നും ഇപ്പോൾ നാട്ടുകാർക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മൊഴി ലഭിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിലവിൽ പരാതിക്കാരന് മാനസിക പ്രശ്നങ്ങളില്ലെന്നും പ്രശ്നങ്ങളുണ്ടായാൽ പോലിസിനെ അറിയിക്കാമെന്നും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.