ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ; എതിരാളികള്‍ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റസ് ; ബഗാന്റെ തട്ടകമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം രാത്രി എട്ടുമണിക്ക്.
മുംബൈയ്ക്കെതിരായി മിന്നും ജയവുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അതേസമയം തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പര്‍ ജയന്റസ് ശ്രമിക്കുക.
മോഹൻ ബഗാനെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടെയുള്ള ബ്ലാസ്റ്റേഴ്സ് വിജയമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ടീമില്‍ ഒരു മാറ്റത്തിന് സാധ്യത. പരിക്കേറ്റ വിബിൻ മോഹന് പകരം മുഹമ്മദ് അസര്‍ ആദ്യ ഇലവനില്‍ എത്തിയേക്കും. ലൂണയുടെ അഭാവത്തില്‍ മുംബൈക്കെതിരെ ഗോളും അസിസ്റ്റുമായി തിളങ്ങിയ ദിമിത്രിയോസും ക്വാമി പെപ്രയും വീണ്ടും ടീമിനെ കരുത്തരാക്കും.
ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം സഹല്‍ അബ്ദുള്‍ സമദാണ് ബഗാന്റെ മധ്യനിരയുടെ കരുത്ത്. ഹ്യൂഗോ ബോമസ്, അനിരുധ് ഥാപ്പ, ദിമിത്രി പെട്രാറ്റോസ്,ജേസണ്‍ കമ്മിങ്‌സ് എന്നിവരും മോഹൻബഗാന് കരുത്ത് നല്‍കുന്നു. എന്നാല്‍ ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് തുടരെ രണ്ട് കളികളില്‍ കാലിടറി. എവേഗ്രൗണ്ടില്‍ മുംബൈയോടും സ്വന്തം തട്ടകത്തില്‍ ഗോവയോടുമാണ് മോഹൻ ബഗാൻ പരാജയം ഏറ്റുവാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും നേര്‍ക്കുനേര്‍ എത്തിയ ആറു മത്സരങ്ങളില്‍ അഞ്ചിലും ജയം മോഹൻ ബഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയില്‍ ആയത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്. ബഗാൻ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്‌സ് 9 എണ്ണം മാത്രമാണ് നേടിയത്.