
തിരുവനന്തപുരം : കേരളത്തിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നല്‍കാൻ 12.50 ലക്ഷം അനുവദിച്ച് ധനമന്ത്രി.തുക അനുവദിച്ചത് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ കിട്ടാൻ വഴിയില്ലാതെ വന്നപ്പോഴാണ് കെ വി തോമസ് പിണറായി വിജയന്റെ വിശ്വസ്തനായി മറുകണ്ടം ചാടിയത്. ഇതിന് പ്രത്യുപകാരമായി സ്ഥാനവും നല്‍കി മുഖ്യമന്ത്രി തോമസിനെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും തോമസ് മാഷിന് പുതുവത്സരം അടിപൊളിയാക്കാൻ അവസരം എത്തി.
സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നല്‍കാൻ 12.50 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ്. കടുത്ത ട്രഷറി നിയന്ത്രണങ്ങള്‍ക്കിടെയാണ് തോമസിന് പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. കെ.വി തോമസിന്റെ ഓണറേറിയത്തിന് പുറമേ 4 സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ശമ്ബളവും ഈ 12.50 ലക്ഷം രൂപയില്‍ നിന്ന് കൊടുക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
നവംബര്‍ 20ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഓണറേറിയം കൊടുക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. ശമ്ബളം വേണ്ട ഓണറേറിയം മതി എന്ന തന്ത്രപരമായ നിലപാട് ആണ് കെ.വി. തോമസ് സ്വീകരിച്ചിരിക്കുന്നത്. ശമ്ബളം വാങ്ങുകയാണെങ്കില്‍ പെൻഷൻ കിട്ടില്ല. ഓണറേറിയമാണെങ്കില്‍ പെൻഷൻ കിട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എ, എംപി, അദ്ധ്യാപക പെൻഷൻ എന്നിങ്ങനെ 3 പെൻഷനുകള്‍ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. 2023 ജൂണ്‍ മാസം വരെ 5,38,710 രൂപ ഓണറേറിയം ഇനത്തില്‍ കെ.വി. തോമസിന് നല്‍കിയിരുന്നുവെന്ന് സെപ്റ്റംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഇത് കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം, യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് മല്‍സരിക്കാനില്ല എന്ന് കെ.വി. തോമസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഏപ്രിലില്‍ ഒഴിവ് വരുന്ന എളമരം കരീമിന്റെ രാജ്യസഭ സീറ്റിലാണ് കെ.വി തോമസിന്റെ കണ്ണെന്നാണ് വിലയിരുത്തുന്നത്. പിണറായിയുടെ വിശ്വസ്തനായതിനാല്‍ രാജ്യസഭ സീറ്റ് കെ.വി തോമസിന് ലഭിച്ചേക്കു എന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. നേരത്തെ കെവി തോമസ് ഡല്‍ഹിയില്‍ എത്തിയതോടെ വേണു രാജാമണിയുടെ ഡല്‍ഹിയിലെ സേവനം കേരളം അവസാനിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് വേണു രാജാമണിയുടെ സ്ഥാനം തെറിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.







