play-sharp-fill
‘അവള്‍ക്ക് സുധിയെ കാണണ്ടെന്ന്, എന്തൊരു സാധനമാണ്; മൂത്തകുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും’; അവൾ ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും; സുധി മരിച്ച ശേഷം കേട്ട പഴികളെ കുറിച്ച്‌ രേണു

‘അവള്‍ക്ക് സുധിയെ കാണണ്ടെന്ന്, എന്തൊരു സാധനമാണ്; മൂത്തകുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും’; അവൾ ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും; സുധി മരിച്ച ശേഷം കേട്ട പഴികളെ കുറിച്ച്‌ രേണു

കൊച്ചി: മലയാളത്തിന്റെ പ്രിയ കലാകാരൻ ആയിരുന്നു കൊല്ലം സുധി.

അദ്ദേഹത്തിന്റെ അകാല വിയോഗം അംഗീകരിക്കാൻ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.
ജീവിതത്തിലേറ്റ വലിയ ആഘാതത്തില്‍ നിന്നും കരകയറുകയാണ് സുധിയുടെ ഭാര്യ രേണുവും മക്കളും. ഇപ്പോഴിതാ സുധി മരിച്ച ദിവസവും ശേഷവും താൻ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച്‌ പറയുകയാണ് രേണു.

തന്റെ മനസിന്റെ ആശ്വാസത്തിന് റീല്‍സ് ഇട്ടപ്പോള്‍ , അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞതെന്ന് രേണു പറയുന്നു. ജോഷ് ടോക്കില്‍ ആയിരുന്നു അവരുടെ തുറന്നുപറച്ചില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെ

ഞങ്ങള്‍ക്ക് നല്ല കാലം വന്ന് തുടങ്ങുക ആയിരുന്നു. അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധി ചേട്ടൻ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി.

സംഭവം അറിഞ്ഞപ്പോള്‍ എന്റെ തലയില്‍ എന്തോ മിന്നല്‍ പോകുമ്ബോലെ ആണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാണണ്ടാന്ന് പറഞ്ഞ് ഞാൻ ഓടി. അപ്പോഴും ആള്‍ക്കാര്‍ പറഞ്ഞത് ‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’, എന്നാണ്. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാൻ ഓടിപ്പോയത്.

ഒടുവില്‍ ഏട്ടനെ ഞാൻ കണ്ടു. എന്നിട്ടും ഞാൻ വീണില്ല. എനിക്ക് എന്തോ ഒരു ധൈര്യം, മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം വന്നു. സുധിച്ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവര്‍ത്തിയാകണം. എന്റെ മനസിന്റെ ആശ്വാസത്തിന് ഞാൻ ഒരു റീല്‍സ് ഇടുമ്പോള്‍, അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെ ആളുകള്‍ പറഞ്ഞു. ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവര്‍ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂ. ആരുടെയും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു.

എന്റെ മക്കള്‍ക്ക് വേണ്ടി ഞാൻ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടൻ എപ്പോഴും എന്റെ ഉള്ളില്‍ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നില്‍ ജീവിച്ച്‌ കാണിച്ച്‌ കൊടുക്കണം.