video
play-sharp-fill
സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ ഡെസ്ക്

കോട്ടയം: മലയാള സിനിമയുടെ തിളക്കമാർന്ന പുരസ്കാര പട്ടികയിൽ കോട്ടയത്തിന്റെ പേര് ഇക്കുറിയും മുഴങ്ങി. മികച്ച കുട്ടികളുടെ ചിത്രമായ ‘അങ്ങ് ദൂരെ ഒരു ദേശത്ത് ‘ കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജോഷി മാത്യുവിന്റെ സംവിധാനത്തിൽ ജനിച്ച ചിത്രമാണ്.
മലയാളത്തിന്റെ മികച്ച സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ഒരു പിടി ചിത്രങ്ങൾ ജോഷി മാത്യുവിന്റെ ശേഖരത്തിലുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012 ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ളാക്ക് ഫോറസ്റ്റന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അങ്ങ് ദൂരെ ഒരു ദേശത്തിലൂടെ ജോഷിയും കോട്ടയവും അംഗീകരിക്കപ്പെടുന്നത്.
കോൺഗ്രസ് നേതാവും മുൻ എം.പിയുമായ  പാലാ കെ.എം.മാത്യുവിന്റെ മകനാണ് ജോഷി. കാമറാമാനായ വേണുവിനെ നായകനാക്കി കോളേജ് പഠനത്തിനിടയ്ക്ക് 1975 ൽ ‘ദ യൂത്ത്’ എന്ന ഹ്രസ്വചിത്രമെടുത്താണ് ജോഷി മാത്യു സിനിമയിലേയ്ക്ക് ചുവട് ഉറപ്പിക്കുന്നത്. മലയാളത്തിന്റെ തലയെടുപ്പുള്ള സിനിമാ തമ്പുരാൻ പത്മരാജന്റെ ശിഷ്യനായാണ് ജോഷി സിനിമയിൽ ആദ്യ ചുവട് വച്ചത്. പത്മരാജന്റെ പെരുവഴിയമ്പലത്തിൽ സംവിധാന സഹായിയായായിരുന്നു തുടക്കം.   ‘ഇന്നലെ’, ‘ഞാൻ ഗന്ധർവൻ’ എന്നീ ചിത്രങ്ങളിലും പത്മരാജനോടൊപ്പം പ്രവർത്തിച്ചു.

കേരള സംഗീതനാടക അക്കാദമിഅംഗം,കേരള ചലച്ചിത്രവികസന കോർ; അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തെ കുട്ടികളുടെ അഭിനയ ശേഷി പുറത്ത് കൊണ്ടുവരുന്ന ‘നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്’ എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ഇപ്പോൾ സജീവമാണ്.
മാർച്ച് അഞ്ചിന് കോട്ടയത്ത് ആരംഭിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഒരുക്കങ്ങളിൽ സജീവമായിരിക്കുന്നതിനിടെയാണ് ഇപ്പോൾ ജോഷി മാത്യുവിനെ തേടി ചലച്ചിത്ര പുരസ്കാരം എത്തിയിരിക്കുന്നത്.