സ്വന്തം ലേഖകൻ
‘പ്രേമ’ത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു.എട്ടു വർഷങ്ങൾക്കുശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും.
2015 മെയ് 29നാണ് ‘പ്രേമം’ തിയറ്റർ റിലീസ് ചെയ്തത്. ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമ’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു.
തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ നടിയാണ് സായ് പല്ലവി. പിന്നീട് കലി, അതിരൻ എന്നീ ചിത്രങ്ങളിലും സായി പല്ലവി നായികയായെത്തി. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരായിരുന്നു യഥാക്രമം ഈ ചിത്രങ്ങളിൽ നായകന്മാരായത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗിയാണ് സായി പല്ലവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ശിവ കാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് സായി പല്ലവിയുടേതായി വരാനിരിക്കുന്നത്. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിലും നിവിൻ അഭിനയിക്കുന്നുണ്ട്.