
സ്വന്തം ലേഖകൻ
ശാസ്താംകോട്ട: ഫോണ്‍ വിളിച്ചിട്ട് പ്രതികരിച്ചില്ലെന്ന കാരണം പറഞ്ഞ് ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ യുവാവ് ക്രൂരമായി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ശാസ്താംകോട്ട മനക്കര രാധികാഭവനത്തില്‍ രാധികയെ (37) ആണ് ഭരണിക്കാവിലെ കടയില്‍ കയറി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പേരയം കുമ്പളം പള്ളിക്കു സമീപം, വൃന്ദാവനത്തില്‍ അരുണ്‍കുമാറിനെ (30) ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് പറയുന്നത്: പ്രതിയും രാധികയും തമ്മില്‍ മുന്‍പരിചയമുണ്ട്. വിളിക്കുമ്പോള്‍ അവര്‍ ഫോണെടുത്ത് പ്രതികരിക്കാത്തതില്‍ അരുണ്‍കുമാറിന് വിരോധമുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് 6.30-ന് ഇയാള്‍ രാധിക ജോലിചെയ്യുന്ന ഭരണിക്കാവിലുള്ള മാംഗോ ബേക്കറിയിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
അസഭ്യം പറഞ്ഞും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയുമായിരുന്നു തുടക്കം. വാക്കേറ്റമായതോടെ കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അവരെ കുത്തി.
ഒഴിഞ്ഞുമാറുന്നതിനിടെ മറിഞ്ഞുവീണ രാധികയെ നിലത്തിട്ട് ക്രൂരമായി ഉപദ്രവിച്ചു. പരിക്കേറ്റ അവര്‍ ചികിത്സയിലാണ്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അരുണിന്റെ പേരില്‍ കേസെടുത്തു.