play-sharp-fill
കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം ; കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ വൻനാശനഷ്ടം

കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം ; കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ വൻനാശനഷ്ടം

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: ശനിയാഴ്ച വൈകിട്ട് ഉണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ഇത്തിത്താനം അമ്ബാട്ട് എ.കെ. പ്രകാശ് കുമാറിന്‍റെ പുരയിടത്തില്‍ 50ഓളം കുലച്ചതും വെട്ടാറായതുമായ ഏത്തവാഴകള്‍ കടപുഴകി. മെംബര്‍മാരായ ശൈലജ സോമൻ, ബി.ആര്‍. മഞ്ജീഷ്, കുറിച്ചി കൃഷി ഓഫിസര്‍ ദീപ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഏറ്റുമാനൂർ ഉൾപെടെ ശനിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയില്‍ അടിച്ചിറയില്‍ 60ഓളം വീടുകളില്‍ വെള്ളം കയറി. അഗ്നിരക്ഷാസേന എത്തിയാണ് വീടുകളില്‍ കുടുങ്ങിയവരെ കരക്കെത്തിച്ചത്  അടിച്ചിറയിലെ തെള്ളകത്തുശ്ശേരി ഭാഗത്തെ കലുങ്ക് മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. വൈകീട്ട് ഏഴ് മുതലാണ് വെള്ളം ഉയര്‍ന്നുതുടങ്ങിയത്. അതിരമ്ബുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെണ്ണാര്‍തോട്ടില്‍ മാലിന്യംനിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്. തോട്ടില്‍ വെള്ളം നിറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പഞ്ചായത്തിലെ 19, 20, 21 വാര്‍ഡുകള്‍ സംഗമിക്കുന്ന മേടെതാഴം പാലം ഭാഗം വെള്ളത്തിനടിയിലായതോടെ മാന്നാനം ഭാഗത്തേക്ക് കാല്‍നട ദുസ്സഹമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അംഗം അഞ്ജലി ജോസഫിന്‍റെ നേതൃത്വത്തില്‍ പാലത്തിനടിയിലെ പോളകള്‍ നീക്കിയെങ്കിലും വീണ്ടും പായലും പോളയും മാലിന്യവും ഒഴുകിയെത്തി പാലത്തിന്‍റെ തൂണുകളില്‍ തടഞ്ഞുനില്‍ക്കുകയാണ്. ഇത് പാലം അപകടാവസ്ഥയിലാക്കുമെന്നും പ്രദേശം വെള്ളക്കെട്ടില്‍പെടുമെന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍. അതിരമ്ബുഴ ചന്തക്കടവ്, മാടപ്പള്ളി കലുങ്ക്, നടയ്ക്കല്‍ പാലം, മേടെതാഴം പാലം എന്നിവിടങ്ങളിലെ പായലും പോളയും മാലിന്യവും നീക്കിയാല്‍ മാത്രമേ വെള്ളം പെണ്ണാര്‍തോട്ടിലൂടെ ഒഴുകി കായലില്‍ ചെന്നുചേരുകയുള്ളൂ. മാടപ്പള്ളി ഭാഗത്തെ വെള്ളം കയറിയ വീടുകള്‍ പഞ്ചായത്ത് അംഗങ്ങളായ അമ്ബിളി, അശ്വതി എന്നിവര്‍ സന്ദര്‍ശിച്ചു ദുരിതങ്ങള്‍ വിലയിരുത്തി.