വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം ; ഫോണില്‍ വിളിച്ചു ഭീഷണി ; 15 ഓളം യുവാക്കള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു ; ഇരുമ്പൂന്നിക്കര സ്വദേശിയായ മുൻ സൈനികന് ഗുരുതര പരിക്ക് 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

എരുമേലി: മുൻ സൈനികനെ 15 ഓളം യുവാക്കള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. അതിര്‍ത്തി രക്ഷാസേനയില്‍നിന്നു വിരമിച്ച ഇരുമ്പൂന്നിക്കര വരമ്പനാല്‍ രമേശ്‌ (47) ആണ് വീട്ടില്‍ വെച്ച്‌ ആക്രമിക്കപ്പെട്ട് ഗുരുതരമായ പരിക്ക് ഏറ്റത്.

വാരിയെല്ലിന് ചതവ് ഉണ്ടെന്നും കമ്പി  വടി കൊണ്ട് കയ്യില്‍ അടിയുമേറ്റന്നും കണ്ണില്‍ മണ്ണ് വാരിയിട്ടാണ് സംഘം ആക്രമണം നടത്തിയതെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഇന്നലെ വീട്ടില്‍ എത്തിയ രമേശ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയിലാണ് ആക്രമണമുണ്ടായത്. രമേശും ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രമേശിനെ ആക്രമിക്കുന്നത് കണ്ട് ഭാര്യ അയല്‍ വീട്ടില്‍ ഓടിയെത്തി അയല്‍വാസികളെ കൂട്ടിക്കൊണ്ട് വന്നെങ്കിലും ആയുധധാരികളായ ആക്രമി സംഘം ഇവരെ കല്ലെറിഞ്ഞ് ഓടിച്ചു.പോലീസ് എത്തുന്നത് വരെ സംഘം രമേശിനെ മര്‍ദിച്ചു. പോലീസ് വന്നപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു.

സംഭവ ദിവസം വൈകുന്നേരം രമേശ്‌ പിക്ക് അപ്പ്‌ വാൻ ഡ്രൈവ് ചെയ്തു വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ ഒരു സംഘം യുവാക്കള്‍ കാര്‍ വിലങ്ങിയിട്ട് മദ്യപിക്കുന്നത് കണ്ടെന്നും വാഹനം വഴിയില്‍ നിന്ന് മാറ്റാൻ രമേശ്‌ പറഞ്ഞതിനെത്തുടര്‍ന്ന് ഇവരുമായി സംഘര്‍ഷമുണ്ടായെന്നും തുടര്‍ന്ന് വീട്ടിലേക്ക് വരുമ്പോള്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്ന് ഒരാള്‍ ഫോണില്‍ വിളിച്ചു ഭീഷണി മുഴക്കിയെന്നും രമേശ്‌ പറയുന്നു.

ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം അല്പസമയം കഴിഞ്ഞ് ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് രമേശ്‌ പറഞ്ഞു. സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍ അറിയിച്ചു. മേഖലയില്‍ വ്യാപകമായ ലഹരി മാഫിയയ്ക്കെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.