ആലപ്പുഴ: ആരോഗ്യവകുപ്പിൽ ജോലി നൽകാമെന്നുപറഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് യുവതിയിൽ നിന്ന് നാലുലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ എടത്വ മരിയാപുരം പാറേചിറ വീട്ടിൽ സുമേഷിനെയാണ് (39) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡി.എം.ഒ ഓഫിസിലെ സീനിയർ ക്ലർക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
നാട്ടിൽ ഹെൽത്ത് ഇൻസ്പെക്ടറായാണ് അറിയപ്പെട്ടിരുന്നത്. കോവിഡ് രൂക്ഷമായ സമയത്ത് വണ്ടാനം മെഡിക്കൽ കോളജിൽ കോവിഡ് വളന്റിയറായി പ്രവർത്തിച്ച പരിചയമാണ് തട്ടിപ്പിന് തുണയായത്. പ്രതിയ്ക്കെതിരെ വിവിധ ജില്ലകളിൽ സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സൗത്ത് സി.ഐ എസ്. അരുൺ, എസ്.ഐമാരായ വി.ഡി. രജിരാജ്, ആർ. മോഹൻകുമാർ, ടി.സി. ബൈജു, സുധീർ, എസ്.സി.പി.ഒമാരായ ഉല്ലാസ്, പി. വിനു, വിപിൻദാസ്, അംബീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group