സ്വന്തം ലേഖിക
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിചാരണക്കോടതിയോട് നിര്‍ദേശിച്ചു.
എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, 2024 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് വൈകിപ്പിക്കരുതെന്ന് നടൻ ദിലീപിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകൻ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
കേസില്‍ ആറുപേരുടെ വിചാരണ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് മാത്രം മൂന്ന് മാസത്തിലേറെ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്‌ജി ഹണി എം വര്‍ഗീസ് എട്ട് മാസം കൂടി സമയം ആവശ്യപ്പെട്ടത്. അഞ്ച് സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്ട്രേറ്റും രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറുപേരുടെ സാക്ഷിവിസ്താരമാണ് പൂര്‍ത്തിയാവാനുള്ളത്.
ജൂലായ് 31നകം വിചാരണ പൂര്‍ത്തിയാക്കാൻ ശ്രമിക്കണമെന്നായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.