ക്ഷേത്ര നടത്തിപ്പിനായി ഫണ്ട് പിരിക്കാൻ സർക്കുലർ ഇറക്കി; സിറ്റിയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സർക്കുലറിൽ ; എസിപിയെ സ്ഥലംമാറ്റി
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മുതലക്കുളം ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാൻ സർക്കുലർ ഇറക്കിയ അസി. കമ്മീഷണർക്ക് സ്ഥലംമാറ്റം. ആന്‍റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.
കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയാണ് ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സർക്കുലർ. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു.
സോഷ്യല്‍ മീഡിയയിലും സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നു. സംഭവം വിവാദമായതോടെ തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം നല്‍കുകയും സര്‍ക്കുലര്‍ പിൻവലിക്കുകയും ചെയ്തിരുന്നു.