സ്വന്തം ലേഖകൻ
പത്തനംതിട്ട: ചാരായം വാറ്റി വിൽപ്പന രണ്ടു യുവാക്കൾ പിടിയിൽ. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയിൽ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയിൽ ജോമോൻ (34) എന്നിവരാണ് പിടിയിലായത് . പരിശോധനയിൽ നാലര ലിറ്ററോളം വ്യാജ ചാരായവും, വാറ്റുപകരണങ്ങളും മറ്റും പന്തളം പോലീസ് പിടിച്ചെടുത്തു.
അടൂർ ഡി വൈ എസ് പിയുടെ നിർദേശ പ്രകാരം, പന്തളം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് രണ്ട് പ്രതികളും പിടിയിലായത്. ചാരായം വാങ്ങാനെത്തിയ ഒരാൾ ഓടി രക്ഷപ്പെട്ടു. പന്തളം മുടിയൂർക്കോണം ചെറുമലയിൽ സ്വകാര്യ വ്യക്തിയുടെ വീടിനു പരിസരത്തായിരുന്നു വ്യാജ വാറ്റും കച്ചവടവും നടന്നു വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുറ്റു മതിലില്ലാത്ത വീടിന്‍റെ കിഴക്കു ഭാഗത്ത് താൽക്കാലികമായി ടാർപ്പോളിൻ വലിച്ചു കെട്ടിയ ഷെഡിന്‍റെ മുൻ വശത്തു നിന്നാണ് പ്രതികളെയും വാറ്റുപകരണങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തത്. 10 ലിറ്റർ കൊള്ളുന്ന കന്നാസിൽ നാലര ലിറ്ററോളം വ്യാജചാരായം ഉണ്ടായിരുന്നു. ഒരു പ്രതിയുടെ പോക്കറ്റിൽ നിന്നും പണവും പിടിച്ചെടുത്തു.
ചാരായത്തിന് പുറമെ, വാറ്റുപകരണങ്ങളും അലുമിനിയം പാത്രങ്ങൾ, ഗ്ലാസ്,പ്ലാസ്റ്റിക് കന്നാസ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ രാജേഷ് കുമാർ, എസ് സി പി ഓ രാജു, സി പി ഓമാരായ അമീഷ്, പ്രതീഷ്, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി.