
സ്വന്തം ലേഖകൻ
കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി സൂചന. ബിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പരിചയമുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് പോലീസ് തിരയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച്ച വൈകിട്ടാണ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ അനുമോളെ കാണാതായിരുന്നു. ചൊവ്വാഴ്ച്ച മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പാണ് ഭര്‍ത്താവ് ബിജേഷിനെയും കാണാതാകുകയായിരുന്നു.
അതേസമയം പോലീസിനെ കബളിപ്പിച്ച് സംസ്ഥാനത്ത് തന്നെ ഒളിവില്‍ കഴിയാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. അനുമോളുടെ മരണം തലയ്ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നുണ്ടായ രക്ത സ്രാവം കാരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.