
ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം….! കടുത്ത വേനലിലും കുളിരണിഞ്ഞ് അഞ്ചുരുളി; കൗതുകമുണര്‍ത്തുന്ന കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം.
മനുഷ്യനിര്‍മ്മിതമായ തുരങ്കമാണ് അഞ്ചുരുളിയെ മനോഹരിയാക്കുന്നത്.
വേനല്‍ ചൂടിലും അഞ്ചുരുളി ടണലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിവരികയാണ്. വിവിധ സിനമകളുടെ ലൊക്കേഷന്‍ കൂടിയായ അഞ്ചുരുളി ടണലിന്‍റെ മുഖവും ഉള്‍വശവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടണല്‍ മുഖത്തെ വെള്ളം കുറഞ്ഞതും ശക്തമായ ഒഴുക്കില്ലാത്തതുമാണ് വേനലിലും സഞ്ചാരികളെ ഇങ്ങോട്ട് അടുപ്പിക്കുന്നത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അഞ്ചുരുളിയില്‍ രൂക്ഷമാണ്.
കട്ടപ്പന ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. തടാകത്തിനു നടുവില്‍ ഉരുളികമഴ്ത്തിയ പോലെ അഞ്ച് കുന്നുകളുണ്ട്. വര്‍ഷകാലം കടുക്കുമ്പോള്‍ ഇവയില്‍ പല കുന്നുകളും വെള്ളത്തിനടിയിലാകും.
ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അഞ്ചുരുളി ഇടുക്കിഡാമിന്റെ പിന്നാമ്പുറത്തായാണ് നിലകൊള്ളുന്നത്. മനുഷ്യര്‍ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. ഇരട്ടയാറില്‍ നിന്നും അഞ്ചുരുളിയിലേക്ക് വെള്ളം എത്തിക്കാനായി മലതുരന്നുണ്ടാക്കിയതാണ് ഈ തുരങ്കം.
മഴക്കാലത്ത് ഇടുക്കി റിസര്‍വോയര്‍ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണല്‍ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്.
പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമൊക്കെയാണെങ്കിലും അഞ്ചുരുളിയില്‍ പൊതുശൗചാലയം പോലുമില്ല. ഇതുകാരണം സഞ്ചാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൂടാതെ നേരം ഇരുട്ടിയാല്‍ സാമൂഹ്യവിരുദ്ധരുടെ താവളവും.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് തിരിച്ചടിയാവുന്നതെന്നാണ് കാഞ്ചിയാര്‍ പഞ്ചായത്തിന്‍റെ വിശദീകരണം.