നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് കണ്ടെത്തൽ; കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ നടപടി; മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി
സ്വന്തം ലേഖിക
ഇടുക്കി: കുമളിയില്‍ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി നല്‍കി.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി ഇളവ് നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ സീലിഗ് കേസ് ആരംഭിക്കാന്‍ അനുമതി തേടി ജില്ല കളക്ടര്‍ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിക്ക് കത്തു നല്‍കി.
ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. പീരുമേട് താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാനാണ് തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവ് നല്‍കിയത്.
ഇതനുസരിച്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ മൂന്നാര്‍ സ്പെഷ്യല്‍ ലാന്‍ഡ് അസൈന്‍മെന്‍റ് ഡെപ്യൂട്ടി കളക്ടര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും തോട്ടം ഉടമയ്ക്കും രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കും. തോട്ടം മുറിച്ചു വിറ്റതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി സ്ഥലം ഏറ്റെടുക്കും.
78 ലാണ് ഈ സ്ഥലം മിച്ചഭൂമി ഇളവ് നേടിയത്. 50 ഏക്കറോളം വരുന്ന സ്ഥലം 40 പേരുടെ കൈവശമാണ് ഇപ്പോഴുള്ളതെന്നും കളക്ടര്‍ നിയോഗിച്ച സംഘം കണ്ടെത്തിയിരുന്നു.
2006 നു ശേഷമാണ് കൈമാറ്റം നടന്നതെങ്കില്‍ ഭൂമി റവന്യൂ വകുപ്പിന് ഏറ്റെടുക്കാനാകും. മറ്റൊരു ഭാഗത്ത് തോട്ടത്തിലെ 10 ശതമാനം ഭൂമി ടൂറിസം ആവശ്യത്തിനായി വിനിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അനധികൃതമായി മുറിച്ചു വിറ്റ തോട്ടത്തില്‍ നിന്നും അഞ്ചേക്കര്‍ സ്ഥലം കുമളി പഞ്ചായത്തും വാങ്ങിയിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങള്‍ അടക്കം ഇടനില നിന്നാണ് തോട്ടം ഭൂമി മുറിച്ചു വിറ്റത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്.