ആരാകും ആദ്യ ഫൈനലിസ്റ്റ്?; ഐഎസ്‌എല്ലില്‍ ഇന്ന് ആവേശപ്പോര്; ബെംഗളൂരുവിനോട് കടം വീട്ടാനുറച്ച് മുംബൈ
സ്വന്തം ലേഖകൻ
ബെംഗളൂരു: ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സി, മുംബൈ സിറ്റി രണ്ടാംപാദ സെമി മത്സരത്തോടെ
ഈ സീസണിലെ ഐ എസ് എല്ലില്‍ ആദ്യ ഫൈനലിസ്റ്റ് ആരെന്നറിയാം.
വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനില്‍ ഛേത്രി ആദ്യപാദത്തില്‍ നേടിയ ഗോളിന്‍റെ ലീഡുമായാണ് ബെംഗളുരു എഫ് സി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനില പിടിച്ചാലും ബെംഗളുരുവിന് ഫൈനലിലെത്താം. ഒരുഗോള്‍ കടം മറികടന്നുള്ള വിജയമേ മുംബൈ സിറ്റിയെ രക്ഷിക്കൂ. തോല്‍വി അറിയാതെ മുന്നേറി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയില്‍ ഉള്‍പ്പടെ അവസാന മൂന്ന് കളിയിലും അടി തെറ്റി. ഇതില്‍ രണ്ടും ബെംഗളൂരു എഫ്സിക്കെതിരെ ആയിരുന്നു എന്നതാണ് മുംബൈയുടെ ആശങ്ക.
സീസണില്‍ മുംബൈ 54 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 22 ഗോള്‍. ഹോര്‍ജെ പെരേര ഡിയാസ്, ബിപിന്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്തേ, ഗ്രെഗ് സ്റ്റുവര്‍ട്ട്, അഹമ്മദ് ജാഹു എന്നിവരുടെ മികവിലേക്കാണ് മുംബൈ ഉറ്റുനോക്കുന്നത്. അവസാന പത്ത് കളിയും ജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ബെംഗളൂരുവിന് റോയ് കൃഷ്ണ, യാവി ഹെര്‍ണാണ്ടസ്, സുനില്‍ ഛേത്രി എന്നിവരുടെ പ്രകടനമാവും കരുത്താകുക. കളിക്കാര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല എന്നത് ഇരു ടീമുകള്‍ക്കും ആശ്വാസകരമാണ്.
ഇരുടീമും 13 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈയും ബെംഗളൂരുവും ആറ് കളിവീതം ജയിച്ച് ഒപ്പത്തിനൊപ്പം. ഒറ്റകളി മാത്രമേ സമനിലയില്‍ അവസാനിച്ചിട്ടുള്ളൂ.