video
play-sharp-fill

കൃഷി ഓഫിസർക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമോ? ജിഷമോൾ പ്രതിയായ കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇടപെടുന്നു; പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണോയെന്ന വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്

സ്വന്തം ലേഖകൻ

ആലപ്പുഴ: എടത്വാ കൃഷി ഓഫീസർ ഗുരുപുരം ജി.എം. മൻസിലിൽ എം. ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇടപെടുന്നു. കേസിന്റെ വിശദാംശങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണോയെന്ന വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.

കഴിഞ്ഞദിവസമാണ് എ‌ടത്വ കൃഷി ഓഫീസർ എം. ജിഷമോൾ കള്ളനോട്ട് കേസിൽ അറസ്റ്റിലായത്. ഇപ്പോൾ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള ഇവരിൽനിന്നു കിട്ടിയ വിവരം പോലീസ് എൻ.ഐ.എ. ക്കു കൈമാറി. പ്രതിയെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ ആലപ്പുഴ ഡിവൈ.എസ്.പി. പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞമാസം 25 മുതൽ കള്ളനോട്ടിന്റെ പിന്നാലെയാണു പോലീസ്. പതിവു കള്ളനോട്ടു കേസാണെന്നാണ് ആദ്യം കരുതിയത്. നോട്ടുകൾ വിദഗ്ധസംഘം പരിശോധിച്ചശേഷം അന്വേഷണം ത്വരപ്പെടുത്തുകയായിരുന്നു. 500-ന്റെ ഏഴുനോട്ടാണ് സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ കോൺവെന്റ് സ്‌ക്വയർ ശാഖയിൽ കിട്ടിയത്.

സാധാരണ കളർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാൽ, ഈ കേസിൽ അച്ചടിച്ച നോട്ടുകളാണ്. ജിഷമോൾക്കു നോട്ടുനൽകിയത് സുഹൃത്തായ കളരിയാശാനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു.

ജിഷമോൾ പിടിയിലായതറിഞ്ഞതുമുതൽ ഇയാൾ ഒളിവിലാണ്. കേരളം വിട്ടതായാണു സൂചന. ഏഴു ഫോൺ നമ്പരുകളുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. എങ്കിലും അന്വേഷണം ഊർജ്ജിതമാണ്.വിദേശത്ത് അച്ചടിച്ച കള്ളനോട്ടുകൾ വിപണിയിലിറക്കാൻ ആലപ്പുഴയിൽ അൻപതോളം പേരുണ്ടെന്നാണു സൂചന. ആർക്കും പരസ്പരമറിയില്ല. നോട്ടുകളെത്തിക്കുന്നത് ഇടനിലക്കാരാണ്. ഇതിലൊരാളാണു ജിഷമോളുടെ സുഹൃത്തും യുവാവുമായ കളരിയാശാൻ.

കള്ളനോട്ടു മാറാൻ വ്യക്തമായ രൂപരേഖ ഈ സംഘം നൽകിയിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളുള്ള കടകളിലും മറ്റും നൽകില്ല. വഴിയരികിലെ മീൻ, പച്ചക്കറി, പഴം, ലോട്ടറി വിൽപ്പനക്കാർക്കു നൽകി മാറിയെടുക്കും. ബാങ്കിടപാടു പതിവില്ലാത്ത ഇത്തരക്കാർക്കു നൽകിയ കള്ളനോട്ടുകൾ ഇപ്പോഴും വിപണിയിലുണ്ട്.