കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം കടുത്ത ജനവഞ്ചന : ജോസ് കെ.മാണി
സ്വന്തം ലേഖകൻ
കണ്ണൂര്‍ : . അടിമുടി പരാജയപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വഞ്ചനാപരമായ മറ്റൊരു മുഖമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ലക്ഷകണക്കായ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതമാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.എം മാണി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തരമാതൃകയാണ് കാരുണ്യ. മാരകമായ രോഗങ്ങള്‍ ബാധിച്ച് അടിയന്തിര ചികിത്സ വേണ്ടി വരുന്നവര്‍ക്ക് ഔദ്യോഗിക നടപടി ക്രമങ്ങളുടെ ചുവപ്പ് നാടകളില്ലാതെ ഒരു ദിവസംകൊണ്ട് രണ്ട് ലക്ഷം രൂപ വരെ നല്‍കിയ കാരുണ്യ, ലക്ഷകണക്കിന് ആളുകളെയാണ് മരണത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയത്. ഇതുവരെ 1048 കോടിയോളം രൂപ സഹായമായി നല്‍കിയത് സര്‍ക്കാരിന് ഒരു ബാധ്യതപോലും സൃഷ്ടിക്കാതെയാണ്. ധനഭാഗ്യക്കുറി വകുപ്പുകളുടെ സംരംഭമായ കാരുണ്യ ആര്‍.എസ്.ബി.വൈ, ചിസ് തുടങ്ങിയ പദ്ധതികളില്‍ നിന്നും വ്യത്യസ്തമാണ്. സാധാരണക്കാരന്റെ അടിയന്തിര ചികിത്സയ്ക്ക് ഒരു പദ്ധതിയും നിലവില്ലാത്തപ്പോഴാണ് ഒരു കാരണവും ഇല്ലാതെ കാരുണ്യ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുസമൂഹത്തിന്റെ ആകെ അംഗീകാരം പിടിച്ചുപ്പറ്റിയ കാരുണ്യ യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭരണനേട്ടമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത് എന്ന് യു.ഡി.എഫ് ആവശ്യപ്പെടുകയും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു.ഇതു സംബന്ധിച്ച് നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ടാണ് ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ ഉത്തരവ് രഹസ്യമായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നതിനെ എന്തുവിലകൊടുത്തും കേരളാ കോണ്‍ഗ്രസ്സ് ചെറുത്തുതോല്‍പ്പിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.