
ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ; കൊലപാതകമോ, അപകടമോ അല്ല ആത്മഹത്യയെന്ന് കുറ്റപത്രം; പ്രണയനൈരാശ്യമാണ് മരണത്തിന് കാരണം; സാക്ഷിമൊഴികളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിൽ പൊലീസ് റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കിരണിന്റേത് കൊലപാതകമോ, അപകടമരണമോ അല്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു.
അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്.
കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. എന്നാൽ കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം.
ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
കിരണിൻ്റെ മരണം ആത്മഹത്യയാണ് എന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ്. പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ കിരണിനെ അവിടെ വച്ച് പെൺകുട്ടിയുടെ സഹോദരനും ഭാര്യാസഹോദരനും ചേർന്ന് കാറിൽകയറ്റി കൊണ്ടു പോകുന്നുണ്ട്.
കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ കൊലപാതകമാണെന്നാണ് കിരണിന്റെ കുടുംബം ആരോപിക്കുന്നത്. കിരണിന് വെള്ളം പേടിയാണ്. അതിനാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. 22 ദിവസങ്ങള്‍ക്ക് ശേഷം കുളച്ചിലില്‍ നിന്നുമാണ് കിരണിന്റെ മൃതദേഹം കണ്ടെത്തുന്നത്.