
വിവാദങ്ങള്‍ക്കിടെ തരൂര്‍ പത്തനംതിട്ടയില്‍; അടൂരില്‍ ബോധിഗ്രാം സെമിനാറിൽ പങ്കെടുക്കും; ഡിസിസി പ്രസിഡന്‍റ് വിട്ടുനില്‍ക്കും; കൊച്ചിയില്‍ ലത്തീന്‍ സഭ ദിനാഘോഷത്തിനുമെത്തും
സ്വന്തം ലേഖിക
പത്തനംതിട്ട: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ ശശി തരൂര്‍ എംപി പത്തനംതിട്ടയില്‍.
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിക്കും. അടൂരില്‍ ബോധിഗ്രാം സെമിനാറിലും തരൂര്‍ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയര്‍മാന്‍ ജെ എസ് അടൂര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയിലാണ്.
പരിപാടിയിലേക്ക് ക്ഷണം ഉണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ല. ആന്റോ ആന്റണി എംപിയും പി മോഹന്‍രാജും പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖ സമരം കത്തിനില്‍ക്കെ കൊച്ചിയില്‍ ലത്തീന്‍ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ചടങ്ങിലും തരൂര്‍ പങ്കെടുക്കും. വികസനത്തിന്‍റെ പേരുപറഞ്ഞ് വിഴിഞ്ഞത്ത് സമരക്കാരെ തളളിപ്പറഞ്ഞെന്ന് സഭാ വൈദികരടക്കം അടക്കം പറയുന്നതിനിടെ, ലത്തീന്‍
സഭാ ദിനാഘോഷത്തിനായി ശശി തരൂര്‍ എത്തുന്നതിന് ഏറെ രാഷ്ട്രീയമാനങ്ങളുമുണ്ട്.
സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പലയിടത്തും പാലം വലിച്ചപ്പോഴും തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരൂരിനെ പലതവണ മുങ്ങാതെ കരപറ്റിച്ചത് തീരദേശമേഖലയിലെ ലത്തീന്‍ ഭൂരിപക്ഷവോട്ടുകളാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖവിഷയത്തില്‍ വികസനമാണ് വലുതെന്ന് തരൂര്‍ നിലപാടെടുത്തിടത്താണ് സഭയുമായി അകന്നത്.
തരൂരിനെ പഴയതുപോലെ വിശ്വസിക്കാന്‍ കൊളളില്ലെന്ന് തലസ്ഥാനത്തെ ലത്തീന്‍ ഭൂരിപക്ഷമേഖലകളില്‍ പ്രചാരണവുമുണ്ടായി. എന്നാല്‍ ഇടതുപക്ഷം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ തരൂരിനെ അധികം പിണക്കേണ്ടെന്നാണ് സഭാ നേതൃത്യത്തിന്‍റെ ധാരണ.