play-sharp-fill
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി വില്‍പന നടത്തിയെന്ന് ആരോപണം; ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാല്‍ ഉത്തരവ്

ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി വില്‍പന നടത്തിയെന്ന് ആരോപണം; ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാല്‍ ഉത്തരവ്

സ്വന്തം ലേഖിക

മൂന്നാര്‍: ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാല്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവായി.

ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തി എന്നാരോപിച്ച്‌ കഴിഞ്ഞ സെപ്റ്റംബർ 20-നാണ് സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ‍ര്‍ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുണ്‍ സജി എസ് സി എസ് ടി കമ്മീഷന് പരാതി നല്‍കിയത്.

കുമളിയില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് മാവോജി പൊലീസിന് നി‍ര്‍ദ്ദേശം നല്‍കിയത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്നാണ് നിര്‍ദേശം.

തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പീരുമേട് ഡി.വൈ.എസ്പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുന്‍കൂട്ടി അറിയിച്ചിട്ടും പീരുമേട് ഡി.വൈ.എസ്പി ഹാജരാകാത്തതില്‍ കമ്മീഷന്‍ അതൃപ്തിയും രേഖപ്പെടുത്തി.

മേലുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കള്ളക്കേസാണെന്ന് ബോധ്യമായിട്ടും സരുണ്‍ സജിക്കെതിരെയുള്ള കേസ് പിന്‍വലിക്കാത്തത് എന്തു കൊണ്ടാണെന്ന് വനം വകുപ്പിനു വേണ്ടി ഹാജരായ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ജയചന്ദ്രനോട് കമ്മീഷന്‍ ആരാഞ്ഞു. പിടികൂടിയ ഇറച്ചിയുടെ പരിശോധന ഫലം വരാത്തതിനാലാണ് തുടര്‍ നടപടി സ്വകരിക്കാത്തതെന്നാണ് വനം വകുപ്പിന്‍റ മറുപടി. വനം വകുപ്പു നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.