വീണ്ടും പാറശാല മോഡൽ ?; കാമുകൻ കൊടുത്ത ശീതളപാനീയം കുടിച്ചു അവശയായി പത്തൊൻപതുകാരി ആശുപത്രിയിൽ മരിച്ചു; മരണ കാരണം യുവതിയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിലായതെന്ന് ഡോക്ടർമാർ; വിഷം നൽകിയതെന്ന് ബന്ധുക്കളുടെ ആരോപണം ; സുഹൃത്തായ യുവാവിനെതിരെ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി അഭിത(19) യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും എന്നാല്‍ വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. വയറു വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നാലാം തീയതി ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്.
അഭിതയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിലായതാണ് മരണ കാരണം എന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.