ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് പിന്നാലെ വകുപ്പ് തല നടപടി തുടരുകയാണ്. കേസിൽ ഇത് വരെ സസ്പെൻഷൻ നേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.
കാട്ടിറച്ചി കടത്തി എന്ന പേരിൽ കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെയും ഒപ്പം ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കഴിഞ്ഞ മാസം 20-ന് കിഴുകാനം വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സരുണിനെ പിടികൂടിയത് എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്തർ നൽകിയ വിശദീകരണം. എന്നാൽ ഇത് കള്ളക്കേസ് ആണെന്ന ആരോപണമുയർന്നതോടെ ആദിവാസി സംഘടനകളും രാഷ്ട്രീയ സംഘടനകളും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടതോടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ പെരിയാർ റേഞ്ചിന് കീഴിലുള്ള ഈസ്റ്റ് ഡിവിഷനിലേക് സ്ഥലം മാറ്റി. വിഷയത്തിൽ വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തി വരികെയാണ് ഒരു ഉദ്യോഗസ്ഥൻ കൂടി സസ്പെൻഷൻ നേരിട്ടത്.