
തിരുവനന്തപുരം: പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. അർബുദ രോഗത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതൽ സംഘടനാ പ്രവർത്തനത്തിൽ മുഴുകി ഒരു ജീവിതകാലം മുഴുവൻ ആ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി ജനങ്ങളുടെയാകെ പ്രീതി സമ്പാദിച്ച അനശ്വരനായ വിപ്ലവകാരിയായിരുന്നു കോടിയേരി.
വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പോരാട്ടങ്ങളോടൊപ്പം തന്നെ ആശയദൃഢതയുടെയും സൗമ്യതയുടെയുമായിരുന്നു. തലശ്ശേരി കലാപത്തിൽ ഉൾപ്പെടെ മനുഷ്യരെ വിഭജിക്കാനുള്ള എല്ലാ സംഘടിത ശ്രമങ്ങളെയും സഖാവ് രാഷ്ട്രീയം കൊണ്ട് ചെറുത്തു തോൽപിച്ചു.
1973 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കോടിയേരി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സകല പ്രതിസന്ധികളെയും മറികടന്ന് ധീരോജ്വലം മുന്നോട്ടുപോയി.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർട്ടി കാര്യങ്ങൾക്ക് മുൻഗണന നൽകാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
പതിനാറാംവയസിലാണ് കോടിയേരി പാർട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പൊലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
ഡയബറ്റിക്‌സ് രോഗി എന്ന നിലയില്‍ സ്ഥിരം ചെക്കപ്പ് ഉണ്ടായിരുന്നു. അതിനിടയിലാണ് കാന്‍സര്‍ കണ്ടെത്തിയത്. ഇത് മനസിലാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അതിന്റെ ഗൗരവം എനിക്ക് പറഞ്ഞുതന്നു. വിദഗ്ധ ചികിത്സ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. രോഗം വന്നപ്പോള്‍ ഉലഞ്ഞില്ല. സ്വാഭാവികമായും രോഗത്തെ നേരിടുക എന്നതായിരുന്നു ലക്ഷ്യം. ഇന്നസെന്റും ഭാര്യയും കാണാന്‍ വന്നു. നേരിടാം എന്നുള്ള ആത്മവിശ്വാസം വന്നു. ചികിത്സക്കിടെ ചില വിഷമങ്ങള്‍ ഉണ്ടായി. എന്നാലും നേരിട്ടു. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തെ രോഗത്തിനിടെയിലും വിഷമിപ്പിച്ചു. ബിനീഷ് കോടിയേരിയുടെ അറസ്റ്റും ബിനോയ് കോടിയേരിയുടെ പിതൃത്വ വിഷയവും കോടിയേരിയെ വിവാദത്തിലാക്കി.
രോഗം സ്ഥിരീകരിച്ചോടെ അമേരിക്കയിലേക്ക് അദ്ദേഹം ചികിത്സക്കായി പോകുകയായിരുന്നു. ചികിത്സക്ക് പോയപ്പോള്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കാന്‍ എ വിജയരാഘവന് അദ്ദേഹം ചുമതല നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പു വേളിയില്‍ പാര്‍ട്ടി സെക്രട്ടറി അല്ലാതിരുന്നിട്ടും എല്ലാം ഏകോപിപ്പിച്ചതും തന്ത്രം മെനഞ്ഞതും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും അടക്കം കോടിയേരിയായിരുന്നു. ഈ തീരുമാനങ്ങളെ ശരിവെക്കുന്ന വിധത്തിലായിരുന്നു തെരഞ്ഞെടുപ്പിലെ വിജയവും. പിന്നീട് മന്ത്രിസഭാ രൂപീകരണ വേളയിലും കോടിയേരിയുടെ തീരുമാനങ്ങള്‍ നിര്‍ണായകമായി. തന്റെ എല്ലാ പോരാട്ടങ്ങള്‍ക്കും കരുത്തേകുന്നത് പാര്‍ട്ടിയാണെന്ന ഉറച്ച ബോധ്യം എന്നും സഖാവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നു. സാമൂഹികമാറ്റത്തിനാണ് പാര്‍ട്ടി പോരാടുന്നതെന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
അതേസമയം രോഗത്തിന്റെ രണ്ടാം വരവില്‍ കോടിയേരിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പാര്‍ട്ടിയെ നയിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. എം വി ഗോവിന്ദന്‍ പകരക്കാരനായി മാറുകയും ചെയ്തു. രോഗം മുര്‍ച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പ് അവസാനമായി പങ്കെടുത്ത യോഗത്തില്‍ കോടിയേരി യുവക്കളോടായി പറഞ്ഞത് പെയിന്‍ ആന്‍ഡ് പാലയേറ്റീവ് രംഗത്ത് നടത്തേണ്ട ഇടപെടലുകളെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് കിടപ്പു രോഗികളുടെ പരിചരണം ഏറ്റെടുക്കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. അര്‍ബുധ രോഗത്തോട് നടത്തിയ ചെറുത്തുനില്‍പ്പില്‍ നിന്ന് കൂടിയായിരുന്നു അദ്ദേഹം അത്തരത്തിലുള്ള ആവശ്യം യുവാക്കളോടായി പങ്കുവച്ചത്.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ.നയനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കോടിയേരി അവസാനമായെത്തിയത്. കൂടാതെ അതിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തന്നെ നടന്ന ഡിവൈഎഫ്‌ഐ പരിപാടിയിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ ഇറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് കിടപ്പുരോഗികളുടെ ശുശ്രൂഷിക്കുന്നതിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സിപിഐഎം വാളന്റിയര്‍മാരും പ്രവര്‍ത്തകരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററില്‍ പാര്‍ട്ടിക്കൊടി താഴ്‌ത്തി. ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനം. 3ന് രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്ബലത്ത് സംസ്‌കാരം. അന്നു മാഹി, തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കും.







