
കൊച്ചി: വ്യാജരേഖ ചമച്ച് അനധികൃത അവയവകൈമാറ്റം നടത്തിയ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്.
ആലുവ റൂറലിന് പുറമെ സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തും. ഡി സി പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മൂന്ന് ജില്ലകളിലായി അന്വേഷണം നടക്കണമെന്നും എറണാകുളം റൂറല്‍ എസ് പി കെ എസ് സുദർശൻ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്ന് പൊലീസ് പിടികൂടിയ മുഖ്യപ്രതി നജീബ് കല്ലട്ര മൂന്നുവർഷമായി അനധികൃത അവയവദാന ഇടപാട് ശൃംഖലയുടെ ഭാഗമെന്നാണ് പൊലീസ് കണ്ടെത്തല്‍. നജീബിൻ്റെ ഇടപെടലില്‍ നടന്നതായി സംശയിക്കുന്ന പത്തിലേറെ അവയവദാനങ്ങളെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നജീബ് സാമ്പത്തിക തട്ടിപ്പടക്കം 12 കേസുകളില്‍ പ്രതിയെന്ന വിവരവും പൊലീസിന് കിട്ടി. നജീബിന് രാഷ്ട്രീയ നേതാക്കളടക്കം സമൂഹത്തിലെ ഒട്ടേറെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നിരിക്കെ ഈ ബന്ധങ്ങള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും കൂടുതല്‍ അന്വേഷണം നടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
സംസ്ഥാനതലത്തില്‍ എസ് ഐ ടി ഉണ്ടാകും. നജീബാണ് നിലവില്‍ പ്രധാന പ്രതി. നിരവധി കേസിലെ പ്രതിയാണ് നജീബ്. കൂടുതല്‍ പ്രതികളുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നുവെന്നും റൂറല്‍ എസ് പി വ്യക്തമാക്കി. അവയവ കൈമാറ്റത്തിന് പിന്നില്‍ രാജ്യന്തരബന്ധമുണ്ടോ എന്നും പരിശോധിക്കും. നജീബിന്‍റെ പാസ്പോർട്ട്, ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡയറി കണ്ടെത്തിട്ടുണ്ടെന്നും റൂറല്‍ എസ് പി വിവരിച്ചു.







