
സ്വന്തം ലേഖിക
കടുത്തുരുത്തി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകർ രാത്രിയില്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി വാലാച്ചിറ പനച്ചിക്കാലായില്‍ ജിന്‍സ് കുര്യ (30)നാണു മര്‍ദനമേറ്റത്. ഇയാള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംഭവത്തിലുള്‍പ്പെട്ടവരെ ഒരാഴ്ച മുൻപ് ഡിവൈഎഫ്ഐയില്‍നിന്നും പുറത്താക്കിയതാണെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തിലെ പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായതോടെയാണ് ഇവരെ ഒരാഴ്ചമുൻപ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതാണെന്ന മറുപ്രചരണം വന്നത്.
മുട്ടുചിറ മൈലാടുംപാറ സ്വദേശികളായ ജിതിന്, സാവിയോ, അരുണ്‍, ജോസൂട്ടി, സച്ചിന്, അജയല് എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന ജിന്‍സിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ജോസൂട്ടി, അജയല് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പറയുന്നു.
തിങ്കളാഴ്ച്ച രാത്രി പത്തോടെ കുറുപ്പന്തറ വര്‍ഷാ ഹോട്ടലിന് സമീപത്ത് വച്ചാണ് ജിന്‍സിനെ പ്രതികള്‍ മര്‍ദിച്ചത്. ഡ്രൈവറായി ജോലി നോക്കുന്ന ജിന്‍സ് ഹോട്ടലിലേക്കു പോയ ഓട്ടം വിളിച്ചയാളെ പ്രതീക്ഷിച്ചു കാറുമായി ഹോട്ടലിന് സമീപം നില്‍ക്കുമ്പോഴാണ് ആറുപേരും ചേര്‍ന്ന് മര്‍ദിച്ചതെന്നു പരാതിയില്‍ പറയുന്നു.
താക്കോലിന് തലയ്ക്കിടിച്ചു പരിക്കേല്പിച്ചതായും സിഗരറ്റ് കത്തിച്ചുവയറ്റില് കുത്തി പൊള്ളലേല്‍പിച്ചതായും പരാതിയില്‍ പറയുന്നു. ജിന്‍സിന്റെ വയറിന്മേല് സിഗരറ്റിന് കുത്തിയ പാടുകളുണ്ട്. രാത്രി പ്രതികള്‍ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ജിന്‍സ് പറയുന്നു.







