Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ എം.ബി രാജേഷിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇവരില്‍ 17 പേരെ കൂടി തിരുകികയറ്റി പാർട്ടി.

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്റെ യോഗ്യത രണ്ട് വര്‍ഷത്തെ സര്‍വീസാണ്. എന്നാൽ ഗോവിന്ദന്‍ മാസ്റ്റര്‍ രാജി വച്ചതോടെ 15 മാസത്തെ സര്‍വീസേ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിച്ചിരുന്നുള്ളു. ഇതോടെ പെന്‍ഷന്‍ ലഭിക്കാനുള്ള കുറഞ്ഞ സര്‍വീസായ 2 വര്‍ഷം ഇല്ലാത്തതു കൊണ്ട് ഇവര്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മന്ത്രിയായ എം.ബി രാജേഷ് ഇവരില്‍ 17 പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം ഇവരുടെ പെന്‍ഷന്‍ ഉറപ്പിക്കാന്‍ സാധിച്ചു. മുുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെ ഇന്നലെയാണ് എം.ബി രാജേഷിന് 25 പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചു കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് സര്‍ക്കാര്‍ സര്‍വിസില്‍ ഉള്ള 4 പേരും, രാഷ്ട്രീയ മേല്‍വിലാസത്തില്‍ വന്ന 13 പേരെയുമാണ് എം.ബി രാജേഷ് തന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായ ഡോ.വി.പി.പി മുസ്തഫയെ തന്നെയാണ് എം.ബി രാജേഷും പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച ഡോ. സി.പി. വിനോദും ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

എം.ബി രാജേഷിന്റെ സ്റ്റാഫില്‍ ഇടം പിടിക്കാത്ത ഗോവിന്ദന്‍ മാസ്റ്ററുടെ സ്റ്റാഫുകളെ മറ്റ് മന്ത്രിമാരുടെ ഓഫിസുകളില്‍ പോസ്റ്റ് ചെയ്യും. ഇങ്ങനെ ഒരാള്‍ക്കും പെന്‍ഷന്‍ നഷ്ടപ്പെടുത്താതെയുള്ള ക്രമീകരണങ്ങള്‍ ആണ് ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ നടക്കുന്നത്.

മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജി വച്ചപ്പോഴും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ മന്ത്രിമാരായ റിയാസ്, വി. അബ്ദു റഹിമാന്‍, വാസവന്‍ എന്നിവരുടെ സ്റ്റാഫുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കഠിനമായ പി.എസ്.സി പരീക്ഷകള്‍ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ് ലഭിക്കുന്നത്. 600 മുതല്‍ 1200 രൂപ വരെയാണ് വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത്. അതേസമയം, പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പ്രതിമാസം 10000 രൂപയിലധികമാണ്. കൂടാതെ ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും.

5 വര്‍ഷം കഴിഞ്ഞ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വിവിധ ആനുകൂല്യങ്ങളായി തസ്തികയുടെ സ്വഭാവം അനുസരിച്ച്‌ 6 ലക്ഷം മുതല്‍ 15 ലക്ഷം രൂപ ലഭിക്കും.സര്‍വീസ് കൂടുന്നതനുസരിച്ച്‌ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷനും ഉയരും.

5 വര്‍ഷം സര്‍വിസുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച്‌ ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ ചുവടെ:

1 . പ്യൂണ്‍- 4600 രൂപ

2 .ക്ലര്‍ക്ക് – 5300

3. പി.എ / അഡീഷണല്‍ പി എ – 6500

4. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി – 8000

5. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി – 10000 രൂപ.