
സ്വന്തം ലേഖിക
കൊച്ചി: കേരളത്തില്‍ സിന്തറ്റിക് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും സിനിമാ താരങ്ങളാണ് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി സിനിമാക്കാരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയും സംശയത്തിന്റെ നിഴലിലായിരുന്നു. ഇതിനിടയിലാണ് അവതാരകയുടെ പരാതി ലഭിക്കുന്നതും അറസ്റ്റ് ഉള്‍പ്പെടെ നടക്കുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരി ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യവുമില്ല. എന്നാല്‍ അസാധാരണമാം വിധം പൊലീസ് പരിശോധനയ്ക്കായി മുടിയും നഖവും രക്തവും എടുത്തത് എന്തിനാണെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്.
കൊച്ചിയില്‍ ഏറെ നാളായി സിനിമാക്കാര് പൊലീസ് നിരീക്ഷണത്തിലാണ്. മിക്ക സിന്തറ്റിക്ക് ലഹരി കേസുകളുടെ അന്വേഷണത്തിലും ലഹരി ഇടപാടുകളും ഉപയോഗവും കൂടുതലും സിനിമാ മേഖലയിലാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. പട്ടികയിലുള്ള നടന്മാരെ വെറുതെ പരിശോധിക്കാന്‍ പൊലീസിനാവില്ല. ഇത്തരം കേസുകളില്‍ പെടുന്ന സമയത്ത് മാത്രമേ പരിശോധന സാധ്യമാകൂ.
അതേ സമയം പരിശോധനാ ഫലം പോസിറ്റീവാണെങ്കിലും പൊലീസിന് നിയമപരമായി ഇവരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍ നിയമം പറയുന്നില്ല. പക്ഷേ ഇവര്‍ക്ക് ലഹരി കിട്ടുന്ന വഴികളെ പറ്റി ചോദിച്ചറിയാന്‍ പൊലീസിന് കഴിയുമെന്നതാണ് ഗുണം. അങ്ങനെ ലഹരി വരുന്ന വഴികള്‍ക്ക് തടയിടാന്‍ പൊലീസിന് കഴിയും.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധനാ ഫലം വരുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കുന്നയാളല്ലെന്നാണ് സിനിമക്കാരും സുഹൃത്തുക്കളും പറയുന്നത്. ശ്രീനാഥിന്റെ ശരീരഭാഷ കണ്ട് തെറ്റിദ്ധരിച്ചാണ് അങ്ങനെ പറയുന്നത് എന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ തിരിച്ചും അഭിപ്രായം ഉയരുന്നുണ്ട്.







