
ചങ്ങനാശ്ശേരി : പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്ന്. വെള്ളിയാഴ്ച നടന്ന മകം പടയണിയിൽ അടിയന്തരക്കോലമായി അംബലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി.
രാത്രി 10നു ദേവീനടയിലും ചേരമൻ പെരുമാൾ സ്മാരകത്തിലും എത്തി അനുജ്ഞ വാങ്ങിയശേഷം ചടങ്ങുകൾ ആരംഭിക്കും. ചേരമൻ പെരുമാൾ നീലംപേരൂരിൽ താമസിച്ചിരുന്നെന്ന സങ്കൽപവുമായി ഈ ചടങ്ങുകൾക്കു ബന്ധമുണ്ട്. പതിനൊന്നേകാൽ കോൽ ഉയരമുള്ള വല്യന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള 2 അന്നങ്ങളുമാണ് ക്ഷേത്രനടയിൽ എത്തുന്നത്. ഗന്ധർവ നഗരത്തിലെത്തുന്ന ഭീമൻ കല്യാണ സൗഗന്ധിക പുഷ്പം നിൽക്കുന്ന ഉദ്യാനത്തിൽ അരയന്നങ്ങളെ കാണുന്നുവെന്നാണ് സങ്കൽപം.
അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയ ശേഷം ദേവീവാഹനമായ സിംഹം എഴുന്നള്ളുന്നതോടെ പടയണി അവസാനിക്കും. തുടർന്നു പടയണിക്കാലത്തു വ്രതം അനുഷ്ഠിച്ച കാർമികനായ ഗോപകുമാർ മഠത്തിൽ അരിയും തിരിയും സമർപ്പിക്കുന്നതോടെ പടയണിക്കാലത്തിനു സമാപനമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രപരിസരത്ത് സൂക്ഷിക്കുന്ന അന്നങ്ങളും കോലങ്ങളും കാണുന്നതിന് ഒരാഴ്ച അവസരമുണ്ട്.. തുടർന്ന് കുടം പൂജകളിയും തോത്താകളിയും നടന്നു. തുടർന്നാണ് വേലയന്നങ്ങളും അംബലക്കോട്ടയും കൊടിക്കുറക്കും കാവൽ പിശാചിനുമൊപ്പം കളത്തിൽ എഴുന്നള്ളിയത്. ഇത്തവണ ചതുരാകൃതിയിലുള്ള അംബലക്കോട്ടയാണ് എഴുന്നള്ളിച്ചത്. ശനി ഉച്ചമുതൽ സത്രീകളും കുട്ടികളും പങ്കെടുത്ത് ചിറമ്പുകുത്ത് നടന്നു. 300 പറ ചെത്തിപ്പൂവാണ് അന്നങ്ങളുടെ നിറപണികൾക്കായി കോർത്തെടുത്തത്.
ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും ശനി രാത്രി 12.30ന് ക്ഷേത്ര ആൽത്തറയിൽനിന്ന് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോടെ ഇവർഷത്തെ പടയണിക്ക് സമാപനമാകും.



